അങ്കമാലി: വാദ്യകലാരത്നം കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരത്തിന് പ്രശസ്ത വാദ്യകലാകാരനും ഇലത്താളം വിദഗ്ധനുമായ ചെങ്ങമനാട് ദാസൻ നായർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അരനൂറ്റാണ്ടിലധികമായി വാദ്യകലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ സേവനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്.
നാലര പതിറ്റാണ്ടുകാലം വാദ്യകലാരംഗത്ത് തിളങ്ങിനിന്ന ഇലത്താളം പ്രമാണി കിടങ്ങൂർ വേണുവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകീട്ട് ആറിന് അങ്കമാലി കിടങ്ങൂർ കുളപ്പുരക്കാവ് കുംഭഭരണി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന കിടങ്ങൂർ വേണു അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.