
കൊച്ചി: 99.76 ശതമാനം വിജയവുമായി എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് വീണ്ടും മൂന്നാം സ്ഥാനത്ത് എറണാകുളം ജില്ല. കഴിഞ്ഞ വർഷം 99.86 വിജയ ശതമാനത്തോടെയായിരുന്നു മൂന്നാം സ്ഥാനമെങ്കിൽ ഇത്തവണ നേരിയ കുറവുണ്ടായിട്ടുണ്ട്. 32,868 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതിൽ 32,789 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. 5317 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
കഴിഞ്ഞ വർഷം ഇത് 5915 വിദ്യാർഥികളായിരുന്നു. എ പ്ലസ് കരസ്ഥമാക്കിയതിൽ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ. നേട്ടം കൈവരിച്ചവരിൽ 3576 പേരും പെൺകുട്ടികളാണ്. 2023ൽ 99.92 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും 2022ൽ 99.65 ശതമാനത്തോടെ നാലാം സ്ഥാനത്തും 2021ൽ 99.8 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുമായിരുന്നു എറണാകുളം. 2020ൽ 99.32 ശതമാനവും 2019ൽ 99.06 ശതമാനവും 2018ൽ 99.12 ശതമാനവുമായിരുന്നു വിജയം.
വിദ്യാഭ്യാസ ജില്ലകളിലെ എ പ്ലസ് തിളക്കം
734 ആൺകുട്ടികളും 1465 പെൺകുട്ടികളും ഉൾപ്പെടെ 2199 വിദ്യാർഥികളാണ് ആലുവ വിദ്യാഭ്യാസ ജില്ലയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 488 ആൺകുട്ടികളും 1055 പെൺകുട്ടികളും ഉൾപ്പെടെ 1543 വിദ്യാർഥികളും കോതമംഗലത്ത് 288 ആൺകുട്ടികളും 597 പെൺകുട്ടികളും ഉൾപ്പെടെ 885 വിദ്യാർഥികളും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മൂവാറ്റുപുഴയിൽ 231 ആൺകുട്ടികളും 459 പെൺകുട്ടികളും ഉൾപ്പെടെ 690 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്.
വിജയശതമാനത്തിൽ മൂവാറ്റുപുഴയും കോതമംഗലവും
തുടർച്ചയായി വിജയശതമാനത്തിൽ ജില്ലയിൽ മുന്നിലെത്തുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഇത്തവണയും അത് ആവർത്തിച്ചപ്പോൾ കോതമംഗലവും ഒപ്പമെത്തി. ഇരു വിദ്യാഭ്യാസ ജില്ലക്കും 99.81 ശതമാനം വിജയമാണ് നേടാനായത്. മൂവാറ്റുപുഴയിൽ പരീക്ഷയെഴുതിയ 3598 വിദ്യാർഥികളിൽ 3591 പേരും ഉന്നത പഠനത്തിന് അർഹത നേടി.
കോതമംഗലത്ത് പരീക്ഷയെഴുതിയ 5669 കുട്ടികളിൽ 5658 പേരും ഉന്നതപഠനത്തിന് അർഹത നേടി. 99.78 ശതമാനം വിജയം നേടിയ ആലുവയാണ് തൊട്ടുപിന്നിൽ. പരീക്ഷയെഴുതിയ 12,557 വിദ്യാർഥികളിൽ 12,530 കുട്ടികളും ഉന്നത പഠനത്തിന് അർഹത നേടി. എറണാകുളം വിദ്യാഭ്യാസ ജില്ലക്ക് 99.69 ശതമാനം വിജയവും നേടാനായി. ഇവിടെ 11,044 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 11,010 കുട്ടികളും ഉന്നത പഠനത്തിന് അർഹത നേടി.
നൂറുശതമാനം വിജയം കൈവരിച്ച് 270 വിദ്യാലയങ്ങൾ
പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി ജില്ലയിലെ 270 വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 287 വിദ്യാലയങ്ങളായിരുന്നു. ഇത്തവണ നൂറ് ശതമാനം വിജയം നേടിയതിൽ 82 എണ്ണം സർക്കാർ വിദ്യാലയങ്ങളാണ്. ബാക്കിയുള്ള 138 സ്കൂളുകൾ എയ്ഡഡ് മേഖലയിലെയും 50 വിദ്യാലയങ്ങൾ അൺ എയ്ഡഡ് മേഖലയിലുമാണ്. 2024ൽ നൂറു ശതമാനം നേടിയതിൽ 82 സര്‍ക്കാര്‍ വിദ്യാലയങ്ങളും 155 എയ്ഡഡ് സ്കൂളുകളും 50 അണ് എയ്ഡഡ് സ്കൂളുകളുമായിരുന്നു ഉൾപ്പെട്ടത്.
പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഉന്നത വിജയം
ജില്ലയിൽ പരീക്ഷയെഴുതിയ പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ എസ്.സി വിഭാഗത്തിൽ നിന്ന് പരീക്ഷയെഴുതിയ 341 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് പരീക്ഷയെഴുതിയ 23 പേരും പൂർണമായി വിജയിച്ചു.
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എസ്.സി വിഭാഗത്തിൽ 927 വിദ്യാർഥികളിൽ 926 പേരും എസ്.ടി വിഭാഗത്തിൽ നിന്നുള്ള 56 കുട്ടികളിൽ മുഴുവൻ വിദ്യാർഥികളും ഉന്നത പഠനത്തിന് അർഹരായി. കോതമംഗലത്ത് എസ്.സി വിഭാഗത്തിൽ നിന്ന് പരീക്ഷയെഴുതിയ 529 കുട്ടികളിൽ 528 പേരും എസ്.ടി വിഭാഗത്തിൽ നിന്നുള്ള 79 കുട്ടികളിൽ 78 പേരും ഉന്നത പഠനത്തിന് അർഹത നേടി. ആലുവ വിദ്യാഭ്യാസ ജില്ലയിൽ എസ്.സി വിഭാഗത്തിൽ നിന്നും പരീക്ഷയെഴുതിയ 1430 കുട്ടികളിൽ 1424 പേരും ഉന്നത പഠനത്തിന് അർഹരായി. എസ്.ടി വിഭാഗത്തിൽ നിന്ന് 51 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 50 പേരും ഉന്നത പഠനത്തിന് അർഹത നേടി.
ലക്ഷദ്വീപില്‍ 95.75 ശതമാനം വിജയം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലക്ഷദ്വീപിൽ 95.75 ശതമാനം വിജയം. കഴിഞ്ഞ വർഷം 97.19 ആയിരുന്നു. ഒൻപത് സ്കൂളുകളിലായി 447 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 428 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. നാല് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 285 പേരില്‍ 277 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായിരുന്നു.
+ There are no comments
Add yours