
വല്ലം ചൂണ്ടി പുത്തന്‍ പാലത്തിന് സമീപത്തെ മാലിന്യ ശേഖരണ കേന്ദ്രം
പെരുമ്പാവൂര്‍: പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായ മാലിന്യ ശേഖരണ കേന്ദ്രം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ വല്ലം ചൂണ്ടി പുത്തന്‍പാലത്തിന് സമീപത്താണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്.
ആശുപത്രി മാലിന്യം, ഭക്ഷണാവിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവ ഇവിടെ എത്തിച്ച് വേര്‍തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നെല്പാടങ്ങളും കൃഷിയിടങ്ങളും വലിയ തോതില്‍ നികത്തിയാണ് കൂറ്റന്‍ ഷെഡ് നിര്‍മിച്ച് മാലിന്യം ശേഖരിക്കുന്നത്.
ഷെഡിനോട് ചേര്‍ന്ന് ഒഴുകുന്ന മാന്തോട് സമീപ പ്രദേശങ്ങളിലെ കുടിവെളള സ്രോതസാണ്. കേന്ദ്രത്തിലെ അവശിഷ്ടങ്ങളും വെള്ളവും തോട്ടിലേക്ക് ഒഴുക്കുകയാണെന്ന് ആക്ഷേപമുണ്ട്. രാത്രിയാണ് ഇവിടേക്ക് മാലിന്യം എത്തിക്കുന്നത്. വലിയ ലോറികളില്‍ ടണ്‍ കണക്കിന് മാലന്യം എത്തിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രതിനിധികള്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ബുധനാഴ്ച ഇടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ സിറിഞ്ച് ഉള്‍പ്പടെ ആശുപത്രി മാലിന്യം കണ്ടെത്തി. ഇവിടേക്ക് മാലിന്യം എത്തിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം, എറണാകുളം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മാര്‍ച്ചില്‍ മാത്രം മുപ്പതില്‍ അധികം വാഹനങ്ങളില്‍ മാലിന്യം എത്തിച്ചതായി രേഖകളിലുണ്ട്. പ്രമുഖ ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും മാലിന്യം എത്തിച്ച വാഹനങ്ങളുടെ വിവരങ്ങളും സമയവും രജിസ്റ്ററിലുണ്ട്.
എം.സി റോഡിലെ പ്രധാന ജങ്ഷന് സമീപത്ത് വലിയ തോതില്‍ മാലിന്യം എത്തിച്ചത് ബന്ധപ്പെട്ട അധികാരികള്‍ അറിയാതിരുന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികളുടെ വാദം. കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലം സമീപവാസിയുടേതാണ്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായികാനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉടമ പറയുന്നു.
+ There are no comments
Add yours