
കൊച്ചി: ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ നീരീക്ഷണം ശക്തമാക്കി അധികൃതർ. സംസ്ഥാനത്ത് ലഹരിവേട്ട കർശനമാക്കാനുളള സർക്കാർ നിർദേശത്തെ തുടർന്നാണ് ജില്ലയിലും ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ പൊലീസും എക്സൈസും നിരീക്ഷണം ശക്തമാക്കിയത്. ഇത്തരം കേസുകളിലെ പ്രതികളായവർ പലരും ജയിലിൽ നിന്നിറങ്ങി വീണ്ടും ഇടപാടുകളിൽ സജീവമാണെന്നാണ് വിവരം. ഇതോടെ തുടർച്ചയായി കേസുകളിൽ പെടുന്നവർക്കെതിരെ നടപടികൾ കർക്കശമാക്കാനാണ് അധികൃതരുടെ തീരുമാനം.
ജില്ലയിലുളളത് 92 സ്ഥിരം കുറ്റവാളികൾ
അബ്കാരി-എൻ.ഡി.പി.എസ് കേസുകളിലായി ജില്ലയിലുളളത് 92 സ്ഥിരം കുറ്റവാളികളാണെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിൽ 37 പേർ അബ്കാരി കേസുകളിലേയും 55 പേർ എൻ.ഡി.പി.എസ് കേസുകളിലേയും സ്ഥിരം പ്രതികളാണ്. രണ്ടോ അതിലധികമോ കേസുകളിൽ പ്രതികളാകുന്നവരെയാണ് ഈ പട്ടികയിൽ പെടുത്തുന്നത്. അബ്കാരി വിഭാഗത്തിൽ സ്ഥിരം കുറ്റവാളികളായ 37 പേരിൽ രണ്ട് പേർക്കെതിരെ നാല് കേസുകളും ഏഴ് പേർക്കെതിരെ മൂന്ന് കേസുകളും മറ്റുളളവർക്കെതിരെ രണ്ട് കേസുകൾ വീതവുമാണുളളത്. ഇവരിൽ കൂടുതലും മധ്യവയസിനോടടുത്തവരുമാണ്.
സ്ഥിരം കുറ്റവാളികളുടെ എണ്ണത്തിൽ ജില്ലക്ക് മൂന്നാം സ്ഥാനം
വിവിധ മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ എണ്ണത്തിൽ ജില്ലക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ്. 73 പേരുമായി കൊല്ലം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ. 68 പേരുളള കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുളള ജില്ലയിൽ 55 സ്ഥിരം കുറ്റവാളികളാണുളളത്. ഇവരിൽ ഒരു പ്രതിക്കെതിരെ ആറ് മയക്ക് മരുന്ന് കേസുകളാണുളളത്. രണ്ട് പേർക്കെതിരെ അഞ്ച് കേസുകളും 9 പ്രതികൾക്കെതിരെ നാല് കേസുകൾ വീതവും നിലവിലുണ്ട്.11 പേർക്കെതിരെയുളളത് 3 കേസുകൾ വീതമാണ്.മറ്റുളളവർക്കെതിരെ രണ്ട് കേസുകളുമുണ്ട്. ഇക്കൂട്ടത്തിൽ വനിതകളാരുമുൾപ്പെട്ടിട്ടുമില്ല.
പ്രതികൾക്ക് കരുതൽ തടങ്കലൊരുക്കാൻ അധികൃതർ
ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ വക്കാനാണ് അധികൃതർ നടപടി ആരംഭിക്കുന്നത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഒന്നിലധികം വലിയ രീതിയിലുളള മയക്ക് മരുന്ന് കേസുകളിലുൾപ്പെട്ടവരെ കരുതൽ തടങ്കലിൽ വക്കാൻ വ്യവസ്ഥയുണ്ട്. എക്സൈസ് വകുപ്പ് നൽകുന്ന നിർദേശമനുസരിച്ചാണ് തീരുമാനമെടുക്കുന്നത്.
ലഹരി കുറ്റകൃത്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലയിലും ഇത് സജീവമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എക്സൈസ് ഇന്റലിജൻസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ വാർഡ് തല ജാഗ്രതാസമിതികൾ രൂപീൃവത്കരിച്ചും ഇത്തരക്കാരെ നിരീക്ഷിക്കുന്നുണ്ട്.
+ There are no comments
Add yours