
ഐ.എൻ.എസ് സുനയനയിലെ നാവികരോടൊപ്പം ആലുവ അന്ധവിദ്യാലയത്തിലെ കുട്ടികൾ
ആലുവ: വീരചരിതങ്ങളിൽ കേട്ടറിഞ്ഞ നാവികസേനയുടെ പടക്കപ്പലിൽ കടൽ യാത്ര നടത്തിയ ആഹ്ലാദത്തിലാണ് ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കൂട്ടുകാർ. കാഴ്ചപരിമിതരായ കുട്ടികൾക്ക് നാവികസേനയെ കുറിച്ചും പടക്കപ്പലുകളെക്കുറിച്ചും നേരനുഭവം നൽകുന്നതിന്‍റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
കൊച്ചിൻ നേവൽ ബേസിൽ നങ്കൂരമിട്ടിരിക്കുന്ന ഐ.എൻ.എസ് സുനയന എന്ന പടക്കപ്പൽ കണ്ടറിയാനും തൊട്ടറിയാനും നാവികസേനയാണ് അവസരമൊരുക്കിയത്. 30ഓളം കുട്ടികളും അവരെ അനുഗമിക്കുന്ന ജീവനക്കാരും അടങ്ങുന്ന 40 അംഗ സംഘമാണ് സന്ദർശനം നടത്തിയത്.
നാവികസേനയെ കുറിച്ചും പടക്കപ്പലുകളുടെ പ്രധാന ഭാഗങ്ങളെയും തൊട്ടറിഞ്ഞ് മനസിലാക്കിക്കൊടുക്കുവാൻ നാവികർ കൂട്ടുകാരായി കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. നാവികസേനയുടെ കപ്പലിൽ ഒരു മണിക്കൂറോളം കടൽ യാത്രയും നടത്തിയാണ് ഈ കുട്ടികൾ സ്കൂളിലേക്ക് തിരിച്ചത്.
നാവികർക്കൊപ്പം ആടിയും പാടിയും മധുരപലഹാരങ്ങൾ പങ്കുവെച്ചും നടന്നത് അവിസ്മരണീയ യാത്രയായിരുന്നുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
+ There are no comments
Add yours