
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിക്ക് സമീപത്തെ ഐഡെലി കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി കോർപറേഷൻ. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കനാണ് മേയർ അഡ്വ. എം.അനിൽകുമാറിന്റെ നിർദേശം.
നഗരത്തിൽ ലൈസൻസ് ഇല്ലാതെയും ഫയർ എൻ.ഒ.സി ഇല്ലാതെയും നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പലകെട്ടിടങ്ങൾ അനുമതി ഇല്ലാതെ നിർമിച്ചിട്ടുണ്ടെന്നുമുള്ള കൗൺസിലർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോർപറേഷനിലെ എല്ലാ കെട്ടിടങ്ങളിലും ഈ മാസം പരിശോധന നടത്തും.
ആരോഗ്യ, റവന്യു, എൻജിനീയറിങ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന വേണം. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയാൽ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ അനുബന്ധ രേഖകൾ ഹാരജാക്കിയില്ലെങ്കിൽ ഈ സ്ഥാപനങ്ങൾ പൂട്ടാനും കൗൺസിൽ തീരുമാനിച്ചു. നഗരത്തിലെ കെട്ടിടങ്ങൾ സോണൽ, ഡിവിഷൻ എന്നിങ്ങനെ തരംതിരിച്ച് പട്ടിക തയാറാക്കി വേണം പരിശോധന നടത്താനെന്നും മേയർ നിർദേശിച്ചിട്ടുണ്ട്.
കോർപറേഷൻ ഹെൽത്ത് ഓഫിസറുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസും അനുബന്ധ രേഖകളും സൂക്ഷിക്കാത്ത ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഉടമകൾ മൂന്ന് ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഹെൽത്ത് ഓഫിസർ വ്യക്തമാക്കി. ശേഷം ജി.സി.ഡി.എക്ക് ഇത് സംബന്ധിച്ച് കത്ത് നൽകും.
കഴിഞ്ഞ മാസം സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗം വിലക്കി ജി.സി.ഡി.എ നോട്ടീസ് നൽകിയതിന് പിന്നാലെയാണിപ്പോൾ അപകടം ഉണ്ടായതെന്നും കൗൺസിലർമാർ പറഞ്ഞു.
മറൈൻഡ്രൈവിൽ നിർമിക്കുന്ന കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിലെ ബേസ്മെന്റിൽ വെള്ളം കയറുന്നത് തടയുന്നതിന് 20 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്യും. മൂന്നുതവണകളായാണ് കെട്ടിടത്തിൽ കോൺക്രീറ്റിങ് നടന്നിട്ടുള്ളത്. 2007ൽ രണ്ട് തവണയും 2012ൽ ഒരുതവണയും കോൺക്രീറ്റ് ചെയ്താണ് ബേസ്മെന്റ് പൂർത്തീകരിച്ചത്. ഈ കാലയളവ് കെട്ടിടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതോടെ ഇത് പരിഹരിക്കാനാവുമെന്ന് എൻജിനീയറിങ് വിഭാഗം അറിയിച്ചു. നിലവിൽ നിർമാണം നടത്തുന്ന ഏജൻസിയെ കൂടാതെ സ്ട്രക്ചറൽ എൻജിനീയർമാരുടെ സംഘടനയുടെ നിർദേശങ്ങളും സ്വീകരിക്കും. കെട്ടിടത്തിന് 25 വർഷം പഴക്കമുള്ളതിനാൽ എല്ലാ നിർദേശങ്ങളും പരിശോധിക്കും.