ചലനമറ്റ് നിർമാണ മേഖല

Estimated read time 1 min read

കൊച്ചി: സംസ്ഥാനത്ത്​ നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷ​ത്തെ അപേക്ഷിച്ച്​ നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു​. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക്​ കീഴിലെ നിർമാണങ്ങളും മന്ദഗതിയിലാണ്​. സാമഗ്രികളുടെ വിലയടക്കം ചെലവ്​ ഉയർന്നതും മേഖലയെ പ്രതികൂലമായി ബാധിച്ചു​. 

കോവിഡിന്​ ശേഷം നിർമാണ സാമഗ്രികളുടെ വിലയിൽ ശരാശരി 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്​. ഇപ്പോൾ നിർമാണങ്ങൾ കുറഞ്ഞതിനാൽ വിലയിൽ കാര്യമായ മാറ്റമില്ലെന്ന്​​ മാത്രം. എന്നാൽ, വയറിങ്​ സാമഗ്രികളുടെ വില ആറു​ മാസത്തിനിടെ പത്ത്​ ശതമാനത്തിലധികം വർധിച്ചു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ കേരളത്തിലാണ്​ നിർമാണ മേഖലയിൽ ഇത്രമാത്രം മാന്ദ്യമെന്ന്​ ഈ രംഗത്തുള്ളവർ പറയുന്നു.

ഫ്ലാറ്റ്​, വീട്​ നിർമാണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. ദേശീയ പാത ജോലികൾ മാത്രമാണ്​ കാര്യമായി നടക്കുന്നത്​. നിർമാണ ജോലികൾ കുറഞ്ഞതോടെ നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ താൽക്കാലികമായി നാട്ടിലേക്ക്​ മടങ്ങി. പ്ലംബിങ്​, ഇലക്​ട്രിക്കൽ, അലൂമിനിയം ഫാബ്രിക്കേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലും​ ജോലി കുറഞ്ഞു. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ നിക്ഷേപിച്ചിരുന്നവർക്ക്​ ഇപ്പോൾ ഓഹരി വിപണിയിലാണ്​ ​ശ്രദ്ധ​​. നിർമാണമേഖലയിലെ മാന്ദ്യം മൂലം വായ്പ നൽകാൻ ബാങ്കുകളും മടിക്കുകയാണ്

പ്രതിസന്ധിക്ക്​ പിന്നിൽ​

  • നിർമാണ ചെലവ്​ ചതുരശ്രയടിക്ക്​ 1500 രൂപയിൽനിന്ന്​​ 2200 രൂപ വരെയെത്തി
  • കെട്ടിടനിർമാണ പെർമിറ്റ്​ ഫീസ്​ വർധനയും ഭൂമി തരംമാറ്റ നടപടികളിലെ കാലതാമസവും
  • കുടിശ്ശിക കുന്നുകൂടിയതോടെ കരാറുകാർ ജോലികളിൽനിന്ന്​ പിന്മാറി
  • വീടുകൾക്കും ഫ്ലാറ്റുകൾക്കും ആവശ്യക്കാർ കുറഞ്ഞു

സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽ​പാദനത്തിൽ (ജി.ഡി.പി) 15-20 ശതമാനം സംഭാവന ചെയ്യുന്ന നിർമാണ മേഖല ഭയാനക മാന്ദ്യമാണ്​ നേരിടുന്നത്. പ്രമുഖ കമ്പനികളൊന്നും വലിയതോതിൽ ഫ്ലാറ്റുകളടക്കം പദ്ധതികളുടെ നിർമാണം ഏറ്റെടുക്കുന്നില്ല.

ബിൽഡേഴ്​സ്​ അസോസിയേഷൻ ഓഫ്​ ഇന്ത്യ(ബി.എ.ഐ) സംസ്ഥാന ചെയർമാൻ

സുരേഷ്​ പൊറ്റക്കാട്​

വിദേശ​ത്ത് നിക്ഷേപ​ സാധ്യതകൾ ഏറിയതോടെ പ്രവാസികൾ നാട്ടിൽ നിക്ഷേപം എന്ന നിലയിൽ ഫ്ലാറ്റ്​ പോലുള്ളവ വാങ്ങുന്നത്​ കുറഞ്ഞു.

ബി.എ.ഐ കൊച്ചി സെന്‍റർ ചെയർമാൻ

ജോർജ്​ മാത്യു പാലാൽ

കരാറുകാരുടെ കുടിശ്ശിക

കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപകടന്നതോടെ പൊതുമരാമത്ത്​, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി വകുപ്പുകളിലെ നിർമാണ ജോലികളെല്ലാം തടസ്സപ്പെട്ടു. ജല അതോറിറ്റി കരാറുകാർക്ക്​ അറ്റകുറ്റപ്പണി ചെയ്ത വകയിൽ 150 കോടിയും ജൽ ജീവൻ പദ്ധതിയുടെ ജോലികൾ ചെയ്തതിന്​ 4000 കോടിയും കിട്ടാനുണ്ട്​.

റോഡ്​ പണിയുടെ കരാറുകാർക്ക്​ 5000 കോടിയും തദ്ദേശ സ്ഥാപനങ്ങളുടെ കരാറുകാർക്ക്​ 3000 കോടിയുമാണ്​ കുടിശ്ശിക. പല കരാറുകാരും ജപ്തി ഭീഷണിയിലും ആത്​മഹത്യയുടെ വക്കിലുമാണ്​. യന്ത്രസാമഗ്രികളുടെ പരിപാലന ചെലവ്​ താങ്ങാനാവാതെ ചില കരാറുകാർ ജോലി എന്നെന്നേക്കുമായി അവസാനിപ്പിച്ചു.

കരാറുകാർക്ക്​ ബാങ്കുകൾ വായ്പ പുതുക്കിക്കൊടുക്കുന്നില്ല. സർക്കാറിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ കരാറുകാർക്ക്​ തിരിച്ചടിയായത്​. റോഡ് അറ്റകുറ്റപ്പണികൾക്ക്​ അടിയന്തിരമായി 500 കോടിയെങ്കിലും സർക്കാർ അനുവദിച്ചില്ലെങ്കിൽ കുഴികളുടെ എണ്ണവും വലിപ്പവും വർധിക്കുമെന്ന്​ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ വർഗീസ്​ കണ്ണമ്പള്ളി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours