മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത്. മൊത്തക്കച്ചവടക്കാര്‍ ഇവിടെ എത്തിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്പന. കൂടാതെ 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു.
ക്ലീന്‍ സിറ്റി മാനേജര്‍ പ്രേംചന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഐ. ജേക്കബ്സണ്, ജെ.എച്ച്.ഐ എ. ഹുസൈന് എന്നിവര്‍ പങ്കെടുത്തു. ‘എന്റെ മരട് ക്ലീന്‍ മരട്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വരുന്ന ദിവസങ്ങളിലും കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ റിനി തോമസ്, നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.