ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് പാപ്പാഞ്ഞിയെ കത്തിക്കുക. ഈ ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കൂടുതൽ പൊലീസിനെ നിയോഗിക്കും. തിരക്ക് ഒഴിവാക്കാൻ പപ്പാഞ്ഞിയെ കത്തിച്ച് കഴിഞ്ഞാലുടൻ ആളുകളെ സ്ഥലത്തുനിന്ന് മാറ്റില്ല. സമയം അനുവദിക്കും. വിവിധ വകുപ്പുകളെ ഏകോപിച്ചായിരിക്കും കാർണിവൽ നടത്തുകയെന്നും യാത്രാ സർവിസുകൾ അടക്കമുള്ള സജ്ജീകരണം ഒരുക്കുമെന്നും സബ് കലക്ടർ കൂട്ടിച്ചേർത്തു. അസി. കലക്ടർ നിഷാന്ത് സിഹാര, അസി. പൊലീസ് കമീഷണർ കെ.ആർ. മനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.