കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്), ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോകൾക്ക് റെയിൽവേ കാർട്ട് ലൈസൻസ് (പെർമിറ്റ്) നിർബന്ധമാക്കി ഉത്തരവിറക്കി.
ജനുവരി ഒന്നുമുതൽ കാർട്ട് ലൈസൻസ് ഇല്ലാത്ത ഓട്ടോകളിൽ സ്റ്റേഷൻ പരിധിയിൽനിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഓട്ടോയുടെ പ്രധാന രേഖകൾ ഹാജരാക്കിയാണ് ലൈസൻസ് എടുക്കേണ്ടത്.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി), ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് സിറ്റി പെർമിറ്റ്, പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പി.യു.സി), ഡ്രൈവർക്കുള്ള പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് രേഖകൾ. ഒക്ടോബർ ഒന്നു മുതൽ 2024 മാർച്ച് 31വരെയുള്ള കാർട്ട് ലൈസൻസ് ഫീസ് 18 ശതമാനം ജി.എസ്.ടി ഉൾപ്പടെ 1475 രൂപയാണെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ ഓഫിസ് സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ അറിയിച്ചു.
ഓട്ടോകൾ നിരന്തരം പ്രീപെയ്ഡ് കൗണ്ടറുകൾ ബഹിഷ്കരിക്കുകയും ഓൺലൈൻ ടാക്സി സർവിസുകൾ തടസ്സം സൃഷ്ടിക്കുകയും ചെയ്തതുമൂലം യാത്രക്കാർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.