ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

Estimated read time 0 min read

എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തിങ്കളാഴ്ചയാണ് ഷൈജുവിന്‍റെ രണ്ടാം ഭാര്യയായ ശാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ഷൈജു കുറ്റം സമ്മതിച്ചു.

ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വർഷമായി അവരോടൊപ്പമാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ഷൈജുവിന്‍റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മദ്യം കൊടുത്ത് ശാരിയെ അബോധാവസ്ഥയിലാക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കിയും നൈറ്റി കൊണ്ട് മുഖം അമർത്തിയുമാണ് കൊലപാതകം നടത്തിയത്. തുടർന്ന് ഷാളുകൾ കൂട്ടിക്കെട്ടി മുറിയുടെ കഴുക്കോലിൽ മൃതദേഹം കെട്ടിതൂക്കാൻ ശ്രമിച്ചു.

ഇത് പരാജയപ്പെട്ടതോടെ ആത്മഹത്യയാണെന്ന് പറഞ്ഞ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണ് കൊലപാതകം വെളിച്ചത്ത് വന്നത്.

You May Also Like

More From Author