പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന മണൽ ബണ്ടിന്റെ നിർമാണം ഇഴയുന്നതിൽ കർഷകർക്ക് ആശങ്ക. മഴ മാറി വേനൽ കടുത്തതോടെ ചാലക്കുടി പുഴയിലേക്ക് ഓരു വെള്ളം കയറുമോ എന്ന ആശങ്കയിലാണ് കർഷകർ. പെരിയാറിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ഓരു വെള്ളം കയറിയുള്ള കൃഷി നാശം തടയാനും കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനുമാണ് എല്ലാ വർഷവും താൽക്കാലിക മണൽ ബണ്ട് നിർമിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചാണ് മൂന്നാഴ്ച മുമ്പ് ബണ്ട് നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണത്തിന് വേഗത പേരെന്ന് കർഷകർ പറയുന്നു. 70 ശതമാനം നിർമാണമേ പൂർത്തിയായിട്ടുള്ളു. ഇരുകരകളെയും ബന്ധിപ്പിച്ച ശേഷം ബണ്ടിന്റെ ഉയരം കൂട്ടി ബലപ്പെടുത്തേണ്ടതുണ്ട്.
ഇനിയും പണികൾ ശേഷിക്കുകയാണ്. കഴിഞ്ഞ വർഷം ഒരു മാസം കൊണ്ട് ബണ്ട് നിർമാണം പൂർത്തിയാക്കിയിരുന്നു. ഈ വർഷം നേരത്തെ ബണ്ട് പണി പൂർത്തിയാക്കുമെന്ന അവകാശവും പൊളിഞ്ഞു. മഴ മാറിയതോടെ ഏത് സമയത്തും ഓരു വെള്ളം ചാലക്കുടി പുഴയിലേക്ക് കയറാം എന്ന സ്ഥിതിയാണ്. ഓരു വെള്ളം കയറിയാൽ പുത്തൻവേലിക്കര പഞ്ചായത്തിലെ 17 വാർഡുകളിലെയും ശുദ്ധജല വിതരണം തടസ്സപ്പെടും. കാർഷിക മേഖലയായ പുത്തൻവേലിക്കരയിൽ കൃഷി നാശവും ഉണ്ടാകും.
സമീപത്തെ ആറോളം പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയെയും ബാധിക്കും. ബണ്ട് നിർമാണത്തിനായി ഈ വർഷം 24.62 ലക്ഷം രൂപയാണ് അനുവദിച്ചത്.