കൊച്ചി: ലഹരി വസ്തുക്കളുടെ ഉപയോഗം, കടത്ത്, വിൽപന കേസുകളിൽ വർധന. ഓണക്കാലത്തോടനുബന്ധിച്ച് ഒരു മാസത്തിനിടെ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അബ്കാരി-ലഹരിക്കേസുകളിലായി 267 പ്രതികളെ പിടികൂടി.
ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 18 വരെ വരെയുള്ള സ്പെഷൽ ഡ്രൈവിൽ എറണാകുളം ഡിവിഷനിൽ 1649 റെയ്ഡുകളാണ് എക്സൈസ് നടത്തിയത്. ഇതോടൊപ്പം വിവിധ വകുപ്പുകളുമായി ചേർന്ന് 41 സംയുക്ത റെയ്ഡും 4235 വാഹന പരിശോധനയും നടത്തി. 100 ലഹരിക്കേസുകളിലായി 100 പ്രതികളാണ് ഒരുമാസത്തിനിടെ അറസ്റ്റിലായത്.
28.909 കിലോ കഞ്ചാവ്, മൂന്ന് കഞ്ചാവ് ചെടികൾ, 31.162 ഗ്രാം ഹെറോയിൻ, 9.300 ഗ്രാം ഹഷീഷ് ഓയിൽ, 5.300 ഗ്രാം എം.ഡി.എം.എ, 0.434 ഗ്രാം മെത്താഫിറ്റമിൻ എന്നിവയും പിടിച്ചെടുത്തു. 1939 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽനിന്ന് 553 സാമ്പിൾ ശേഖരിച്ച് രാസ പരിശോധനക്ക് അയച്ചിട്ടുണ്ട്.
167 അബ്കാരി കേസിലായി 165 പ്രതികൾ അറസ്റ്റിലായി. 36 ലിറ്റർ ചാരായവും 29.900 ലിറ്റർ ബിയറും 1822 ലിറ്റർ വാഷും 38.500 വ്യാജമദ്യവും ഇവരിൽനിന്ന് എട്ട് വാഹനവും 5990 രൂപ തൊണ്ടിയായും പിടിച്ചെടുത്തു.
ജില്ലയിൽ ഹെറോയിൻ, ബ്രൗൺ ഷുഗർ, ഒപ്പിയം, കൊക്കയിൻ, ഹഷീഷ് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. കൂടാതെ സ്റ്റാമ്പ്, സ്റ്റിക്കർ രൂപത്തിലെ എൽ.എസ്.ഡി എന്ന ലഹരി വസ്തുവിന്റെ ഉപയോഗവും വ്യാപകമാണ്. ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഓണക്കാല പരിശോധന; 53 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നോട്ടീസ്
കൊച്ചി: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന സ്പെഷൽ ഡ്രൈവിൽ 53 സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. സെപ്റ്റംബർ ഒമ്പതുമുതൽ 13 വരെ മൊത്തം 464 സ്ഥാപനമാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഇതിൽ 129 സ്ഥാപനത്തിന് വൃത്തിയായ സാഹചര്യത്തിൽ പ്രവർത്തിക്കാൻ നിർദേശം നൽകി നോട്ടീസ് നൽകി. രണ്ട് കടകൾ അടക്കാനും നിർദേശം നൽകി. 111 സാമ്പിളും പരിശോധനക്ക് എടുത്തിട്ടുണ്ട്. പതിവ് പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണര്‍ അറിയിച്ചു.