മൂവാറ്റുപുഴ: നഗരമധ്യത്തിലെ നെഹ്റു പാർക്കിലെ മീഡിയനിലെ പുൽമേടുകൾ കാലികളുടെ മേച്ചിൽപുറമായി. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മീഡിയനുകളിൽ വെച്ചുപിടിപ്പിച്ച പുല്ലുകളാണ് കന്നുകാലികൾ തിന്നുതീർക്കുന്നത്. ദിവസം രണ്ടുനേരം വീതം നനച്ച് പരിപാലിക്കുന്നതാണ് പുൽമേട്.
ലക്ഷങ്ങൾ ചെലവഴിച്ച് നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മീഡിയനുകളിലെ പുൽമേട് സ്വകാര്യവ്യക്തികൾ വളർത്തുന്ന കന്നുകാലികളും മറ്റും തിന്നുനശിപ്പിക്കുകയാണ്. പോത്തും പശുക്കളും മേയുന്നതിനാൽ പുൽമേടാകെ നാശത്തിന്റെ വക്കിലാണ്. ബുധനാഴ്ച നെഹ്റു പാർക്കിലെ മീഡിയനുകളിലാണ് പോത്തുകൾ മേഞ്ഞത്. ചാലിക്കടവ് ഭാഗത്തും മീഡിയനിൽ പശുക്കളും പോത്തുകളും പുൽമേട് നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പരാതികൾ ഉയർന്നെങ്കിലും നടപടികൾ ഉണ്ടാകുന്നില്ല. അലയാൻ വിടുന്ന പശുക്കളുടെയും പോത്തുകളുടെയും ഉടമകളെ കണ്ടെത്തി ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.