ഫോർട്ട്കൊച്ചി: അന്താരാഷ്ട്ര തീരശുചീകരണ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമാസം നീളുന്ന ഫോർട്ട്കൊച്ചി ബീച്ച് തീവ്രശുചീകരണ പദ്ധതി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കെ. മീര അധ്യക്ഷത വഹിച്ചു. ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും പ്ലാൻ അറ്റ് എർത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കായലിലൂടെ ഒഴുകിയെത്തി ഫോർട്ട്കൊച്ചിയിൽ അടിഞ്ഞുകൂടുന്ന നൂറുകണക്കിന് ടൺ കുളവാഴയും പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, തെർമോകോൾ മാലിന്യങ്ങളും നീക്കംചെയ്യും. മാലിന്യം സംഭരിച്ച് തരംതിരിച്ച് ചാക്കുകളിൽ ശേഖരിച്ച് റീസൈക്കിൾ ചെയ്യുന്നതിന് കമ്പനികൾക്ക് കൈമാറും. പഴയ ചെരുപ്പുകൾകൊണ്ട് കലാശിൽപങ്ങൾ നിർമിച്ച് ബീച്ചിൽ ശുചിത്വ ബോധവത്കരണത്തിനായി സ്ഥാപിക്കും. കുളവാഴ നീക്കംചെയ്ത് അതിൽനിന്ന് ബയോ മാസ് പെല്ലറ്റുകൾ നിർമിക്കും. പ്ലാൻ അറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം, ടൂറിസം ജോയന്റ് ഡയറക്ടർ ജി.എൽ. രാജീവ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിരാന്റ, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി ഓഫിസർ ബോണി തോമസ് എന്നിവർ സംസാരിച്ചു.