വണ്ടിപ്പെരിയാർ പീഡനം: വെറു​തെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി

Estimated read time 1 min read

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് ​കൊന്ന കേസിൽ​ ​തെളിവില്ലെന്ന് കണ്ട് വെറു​തെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്.

ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിർദേശിച്ചു.

2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു അർജുൻ. എന്നാൽ, കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു പ്രതിയെ വെറുതെ വിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിധി വന്നത്.

കോ​ട​തി വെ​റു​തെ വി​ട്ടെ​ങ്കി​ലും ത​ങ്ങ​ൾ വെ​റു​തെ വി​ടി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ച്ഛ​ൻ അ​വ​നെ കൊ​ല്ലു​മെ​ന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ കോടതിമുറ്റത്ത് വെച്ച് വി​ളി​ച്ചുപ​റ​ഞ്ഞിരുന്നു.

കേസിൽ അപ്പീലിന് പോകില്ലെന്നും പ്രതിയെ കൈകാര്യം ചെയ്യുമെന്നും പിതാവും മുന്നറിയിപ്പ് നൽകിയിരുന്നു. ‘പ്രതിയെ കിട്ടിയില്ലെങ്കിൽ അവന്‍റെ വീട്ടുകാരെ തീർക്കും. താൻ ഭാവിയിൽ കുറ്റക്കാരനാകുകയാണെങ്കിൽ അതിന് കാരണം കോടതിയായിരിക്കും. കേസിന്‍റെ വിസ്താരം നടക്കുമ്പോൾ തന്നെ മകനെ വെറുതെവിടുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയതിനെ കുറിച്ച് പ്രതി പൊലീസിനോട് സമ്മതിച്ചതാണ്. എന്നാൽ, തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അംഗീകരിക്കാൻ സാധിക്കാത്ത വിധിയാണ് പുറപ്പെടുവിച്ചത്’ -പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു.

You May Also Like

More From Author