കൊച്ചി: പൂക്കളമിട്ടും കുടുംബങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ഒത്തുകൂടി സദ്യവിളമ്പിയും ഓണമാഘോഷിച്ച മലയാളികൾ ബാക്കിയുള്ള അവധി ദിനങ്ങൾ യാത്രകളുമായി കളറാക്കുകയാണ്. ഓണാവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. ബീച്ചുകളിലും കിഴക്കൻ മേഖലയിലെ മനോഹര കേന്ദ്രങ്ങളിലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. സ്കൂൾ, കോളജ് അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ എത്തുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികൾ ഇതിൽ ഉൾപ്പെടും.
മറൈൻഡ്രൈവും ക്വീൻസ് വാക്ക് വേയും സുഭാഷ് പാർക്കും വൈകുന്നേരങ്ങളിൽ സഞ്ചാരികളെക്കൊണ്ട് നിറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എറണാകുളത്തേക്ക് എത്തുന്നുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ ‘മാധ്യമ’ത്തോട് പറഞ്ഞു.
അവധി ആഘോഷിക്കാനെത്തുന്നത് ലക്ഷങ്ങൾ
വിദേശ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നതായാണ് കണക്ക്. ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് കൂടുതൽ ആളുകളെത്തുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നെത്തുന്നവരും നിരവധിയാണ്. അയ്യമ്പുഴ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ദിവസവും കുറഞ്ഞത് 2500 പേർ സന്ദർശിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായുള്ള മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമമെന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നുണ്ട്. കുടുംബവുമൊത്ത് കോതമംഗലം ഭൂതത്താൻകെട്ടിലെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെയും പിറവത്തിനടത്തുള്ള അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്.
നഗരക്കാഴ്ചകൾ
കൊച്ചി നഗരവും സമീപപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ആസ്വദിക്കാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. വാട്ടർമെട്രോയിലും കൊച്ചി മെട്രോയിലും യാത്ര ചെയ്തും ഷോപ്പിങ് മാളുകൾ സന്ദർശിച്ചും യാത്ര ആസ്വദിക്കുകയാണ് അവർ. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ ഹിൽപാലസ്, മറൈൻഡ്രൈവ്, ക്വീൻസ് വാക്ക് വേ എന്നിവിടങ്ങളിലും നിരവധിയാളുകൾ എത്തുന്നു. തിരുവോണദിനത്തിൽ നടന്ന ഐ.എസ്.എൽ മത്സരം ആസ്വദിക്കാനും വൻ തിരക്കായിരുന്നു.
നിറയുന്നു ബീച്ചുകൾ
ഏറ്റവുമധികം ആളുകൾ വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനെത്തുന്നത് ബീച്ചുകളിലാണ്. ഫോർട്ടുകൊച്ചിയിലെത്തിയാൽ പൈതൃക കാഴ്ചകളും ബീച്ചും ഒരേപോലെ ആസ്വദിക്കാമെന്നത് നിരവധി സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്. പുതുവൈപ്പ്, കുഴുപ്പിള്ളി, ചെറായി ബീച്ചുകളും വൈകുന്നേരങ്ങളിൽ നിറയുകയാണ്. കുഴിപ്പള്ളിയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒക്ടോബറിലായിരിക്കും തുറക്കുക. സഞ്ചാരികളുടെ സുരക്ഷക്കായി പൊലീസ് നിരീക്ഷണം ശക്തമാണ്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും കാര്യക്ഷമമായി ഇടപെടുന്നുണ്ട്.