മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തൃക്കളത്തൂർ കാവുംപടിയിൽ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശിനി എൽസമ്മ മത്തായി (60) എന്നിവർക്കാണ് പരിക്കേറ്റത്.
പാലായിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതില് ഇടിച്ചുതകര്‍ത്ത് കാനയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് പരിക്കില്ല. പരിക്കേറ്റവരെ ആദ്യം മൂവാറ്റുപുഴയിലെയും തുടര്‍ന്ന് കോട്ടയത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം ഏത്തക്കായ കയറ്റിവന്ന ലോറിയും ഇതിനുസമീപം ഓടയിലേക്ക് മറിഞ്ഞിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അപകടമേഖലയായി മാറിയ തൃക്കളത്തൂർ മുതൽ പേഴക്കാപ്പിള്ളി വരെ നാല് കിലോമീറ്റർ ദൂരത്തിൽ വേഗം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.