പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകക്ക് എടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പറഞ്ഞു. പതിനെട്ട് സെന്റീമീറ്റർ നീളം വരുന്ന തൈകളാണ്. ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്. അഞ്ചുവർഷമായി ഇയാൾ വർക്ക്ഷോപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.
ഡിവൈ.എസ്.പി എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർമാരായ സി.ആർ. ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ മാസം പറവൂരിൽ നിന്നും 1.84 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.