ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഇൻറർലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാൽ, നാലുമീറ്റർ ഉണ്ടായിരുന്ന റോഡിന്റെ വീതി കുറച്ചാണ് പണി നടക്കുന്നത്.
റോഡിൽനിന്ന് ഒന്നര അടിയോളം ഉയർത്തിയാണ് നിർമാണം. ഉയരം കൂട്ടുകയും വീതി കുറക്കുകയും ചെയ്തതുമൂലം ഇരു വശങ്ങളിലും ഒന്നര അടിയോളം താഴ്ച രൂപപ്പെട്ടു. ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണ് അപകടം വരുന്ന രീതിയിൽ പുനരുദ്ധരിക്കുന്നത്.
എം.എൽ.എ ഓഫിസിന്റെ മുന്നിലൂടെ പോകുന്ന അശാസ്ത്രീയ നിർമാണത്തിനെതിരെ ചെറുവിരൽ അനക്കാൻ എം.എൽ.എ തയാറായില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വാട്ടർ അതോറിറ്റി എക്സി. എഞ്ചിനിയർ ദീപ പോൾ സമരക്കാരുമായി ചർച്ച നടത്തി. ഡി.വൈ.എഫ്.ഐ മുൻ ജില്ല ജോ. സെക്രട്ടറിയും സി.പി.എം ഏരിയ കമിറ്റി അംഗവുമായ രാജീവ് സക്കറിയ, ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, മേഖല സെക്രട്ടറി മുഹമ്മദ് ഹിജാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വാട്ടർ അതോറിറ്റി ഓഫിസ് മുതൽ നിർമ്മല സ്കൂൾ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്റർ വീതം വീതികൂട്ടാൻ ചർച്ചയിൽ തീരുമാനിച്ചു. ഇത്തരത്തിൽ റോഡ് അഞ്ചു മീറ്ററായി വികസിപ്പിച്ച്, വശങ്ങൾ ചരിച്ച് കോൺക്രീറ്റ് ചെയ്യാനും തീരുമാനമായി.