കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടിൽ ആഷിൽ ലെനിനാണ് (25) എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 38 ഗ്രാം എം.ഡി.എം.എ, രണ്ടഗ്രാം ഹഷീഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോൺ, 9100 രൂപ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറപ്പി ആൻഡ് സ്പാ എന്ന മസാജ് പാർലർ നടത്തുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. ഇവിടെ രാസലഹരി ഉപയോഗിക്കുന്നതായ വിവരം നേരത്തേ തന്നെ എക്സൈസ് ഇന്റലിജൻസിന് ലഭിച്ചതിനെ തുടർന്ന് എറണാകുളം ടൗൺ ഭാഗങ്ങളിലെ മസാജ് പാർലറുകൾ നിരീക്ഷിച്ച് വരുകയായിരുന്നു. പ്രതിയുടെ സ്ഥാപനത്തിൽ പതിവിനെക്കാൾ തിരക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയപ്പോഴാണ് ലഹരി പിടികൂടിയത്. വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ളതാണ് പിടികൂടിയ എം.ഡി.എം.എ. മയക്കുമരുന്ന് ഡൽഹിയിൽനിന്നെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും.
സ്പാകളിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്മെന്റ് അസി. കമീഷണർ ടി.എൻ. സുധീർ അറിയിച്ചു. സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത്ത് കുമാർ, സി.പി. ജിനേഷ് കുമാർ, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റിവ് ഓഫിസർ എൻ.ഡി. ടോമി, സി.ഇമാരായ ടി.പി. ജയിംസ്, സി.കെ. വിമൽ കുമാർ, എസ്. നിഷ , വി.എം. മേഘ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.