ഫോർട്ട് കൊച്ചി: മാലിന്യം കുമിഞ്ഞുകൂടിയ ഫോർട്ട്കൊച്ചി കടൽതീരം ശുചീകരിക്കുന്നതിന് ഒരുമാസം നീളുന്ന പദ്ധതിക്ക് രൂപംനൽകി അധികൃതർ. ദുർഗന്ധം വമിക്കുന്ന കടൽതീരം സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർ മടിക്കുന്നതായി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഓണം അവധി ആഘോഷിക്കാനെത്തിയ നാട്ടുകാർക്കും മനംമടുപ്പിക്കുന്ന കാഴ്ചയായിരുന്നു ഫോർട്ട്കൊച്ചി കടൽത്തീരത്തിന്റേത്.
അധികൃതരുടെ നിസ്സംഗതയിൽ വിമർശനം ഉയരുകയും ചെയ്തു. ടൂറിസ്റ്റ് സീസൺ തുടങ്ങി വിദേശ സഞ്ചാരികളുടെ വരവ് ആരംഭിച്ചിരിക്കേയാണ്, സഞ്ചാരികളുടെ പറുദീസയായി വിശേഷിപ്പിക്കപ്പെടുന്ന ഫോർട്ട്കൊച്ചി ബീച്ചിന് ഈ ദുരവസ്ഥ. ഇതിനെതിരെ കൊച്ചിയിലെ വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾക്ക് തയാറെടുത്തിരുന്നു. വിമർശനങ്ങളും പ്രതിഷേധവും ഉയർന്നതോടെയാണ് കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, പ്ലാൻ അറ്റ് എർത്ത്, ഡി.ടി.പി.സി എന്നിവർ ചേർന്ന് ഒരുമാസം നീളുന്ന ബീച്ച് ശുചീകരണ പദ്ധതിയൊരുക്കിയിരിക്കുന്നത്. കോളജ് വിദ്യാർഥികൾ, എൻ.ജി.ഒകൾ, യുവജന സംഘടനകൾ എന്നിവരുമായി ചേർന്നാണ് ശുചീകരണം. ബീച്ചിൽ അടിഞ്ഞുകൂടിയ പോള, പായൽ, പ്ലാസ്റ്റിക്, കുപ്പിച്ചില്ലുകൾ, തെർമോകോൾ എന്നിവ നീക്കുന്നതിനും തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമാണ് പദ്ധതി. ഇന്ന് തുടങ്ങി ഒക്ടോബർ 19ന് ശുചീകരണം പുർത്തിയാക്കാനാണ് തീരുമാനം.