മൂവാറ്റുപുഴ: കായനാട് ചെക്ഡാം നവീകരണത്തിനുള്ള പദ്ധതികൾ ഫയലിൽ ഒതുങ്ങുമ്പോൾ മൂവാറ്റുപുഴയാറിന്റെ മലിനീകരണത്തോത് വീണ്ടും വർധിക്കുന്നു. തടയണയിൽ വന്നടിഞ്ഞ മാലിന്യം നദിയുടെ ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഷട്ടർ ഇല്ലാതെ തടയണ നിർമിച്ചതുമൂലം കാലവർഷത്തിൽ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷട്ടറുകൾ നിർമിക്കാനും നവീകരണം നടത്താനും തീരുമാനിച്ചിട്ട് അഞ്ചുവർഷം പിന്നിട്ടു. റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കി നൽകാൻ ജലവിഭവ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. രണ്ട് പദ്ധതി ഉദ്യോഗസ്ഥർ തയാറാക്കി നൽകി. തടയണയും ഇതിന്റെ ഭാഗമായുള്ള മേൽപാലവും നിലനിർത്തി ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും നിലവിെല ചെക്ഡാമും പാലവും പൊളിച്ചു നീക്കി പുതിയ റെഗുലേറ്റർ – കം- ബ്രിഡ്ജ് നിർമിക്കുന്നതിനുള്ള പദ്ധതിയുമാണ് തയാറാക്കിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല. മൂവാറ്റുപുഴയാറിന് കുറുകെ വാളകം പഞ്ചായത്തിലെ റാക്കാട്, മാറാടി പഞ്ചായത്തിലെ കായനാട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 1995ലാണ് ചെക്ഡാം നിർമിച്ചത്. വേനൽക്കാലത്ത് മൂവാറ്റുപുഴയിലെ അടക്കം ശുദ്ധജലപദ്ധതികൾക്ക് വെള്ളം ലഭിക്കാതെ വന്നതിനെത്തുടർന്നായിരുന്നു തടയണ നിർമാണം.
പുഴയിൽ താരതമ്യേന വീതിക്കുറവുള്ള ഭാഗത്താണ് ചെക്ഡാം നിർമിച്ചിരിക്കുന്നതെങ്കിലും പുഴയുടെ സ്വാഭാവിക ഒഴുക്കിന് വിഘാതമാകും വിധമുള്ള ആറ് കോൺക്രീറ്റ് കാലുകളാണ് ചെക്ഡാമിനുള്ളത്. കാലവർഷത്തിൽ ശക്തമായ ഒഴുക്കിൽ എത്തുന്ന മാലിന്യവും വലിയ തടികളും എല്ലാം ഇവിടെ കെട്ടിക്കിടന്ന് ഡാമിനും തകരാർ സംഭവിച്ചിട്ടുണ്ട്. ഈ വർഷകാലത്തും ടൺ കണക്കിന് മാലിന്യമാണ് ഇവിടെ വന്നടിഞ്ഞിരിക്കുന്നത്.