മൂവാറ്റുപുഴ: നഗരവാസികളെ ബുദ്ധിമുട്ടിലാക്കി നഗരറോഡ് വികസനം സ്തംഭിച്ചിട്ട് നാല് മാസം പിന്നിട്ടു. കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണിയുടെ കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കോൺട്രാക്ടർ പിൻവാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നീട് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനി കിഫ്ബിക്കു കത്തുനൽകുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ റോഡ് നിർമാണത്തിനുള്ള മറ്റു തടസ്സങ്ങൾ നീക്കാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും ആർ.എം.യു യൂനിറ്റും സ്ഥാപിക്കാനും ഓട നിർമാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമാനിച്ചിരുന്നു. എന്നാൽ, ട്രാൻസ്ഫോമറും ആർ.എം.യു യൂനിറ്റും സ്ഥാപിക്കാൻ നടപടിയുമായി മുന്നോട്ടുപോയപ്പോൾ ഇതു തടസ്സപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് നീക്കം നടന്നതോടെ ഇതും അനിശ്ചിതത്വത്തിലായി.
2023 ജനുവരിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നഗരറോഡ് വികസനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലിൽ പൊതുമാരമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് നിർവഹിച്ചത്. ഒരു വർഷമായിരുന്നു കരാർ കാലാവധി. ഡിസംബറിൽ കരാർ കാലാവധി അവസാനിച്ചു. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വന്ന കാലതാമസവും വൈദ്യുതി പോസ്റ്റുകളും മറ്റും സ്ഥാപിക്കാൻ ആവശ്യമായ സ്ഥലങ്ങൾ പൂർണമായി കണ്ടെത്താൻ കഴിയാതിരുന്നതുമാണ് നിർമാണ പ്രവൃത്തി വൈകാൻ കാരണമായത്. വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും പ്രശ്നമായി. സ്ഥലം ഏറ്റെടുക്കൽ ചുമതലയിൽ വരുന്ന ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പ്രശ്നമായിരുന്നു.
വികസനം തടസ്സപ്പെടുത്താൻ ഭരണമുന്നണിയിലെ പ്രധാന കക്ഷികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണന്ന ആരോപണം നേരത്തെ മുതൽ ഉയരുകയും ചെയ്തിരുന്നു. നിലവിൽ അരമനപടി മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതും നാലോളം ഇലക്ട്രിക്പോസ്റ്റുകൾ മാറ്റിയതുമല്ലാതെമറ്റൊരു ജോലിയും നടന്നിട്ടില്ല. നഗരത്തിലെ പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ നാലുവരി പാതയായി വിഭാവനംചെയ്തതാണ് നഗരറോഡ് വികസനം.
നിലവിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ നാലടിയിലേറെ ഉയരത്തിൽ കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചിരിക്കുന്നത് വ്യാപാരി കൾക്കടക്കം പല ഭാഗങ്ങളിലും ബുദ്ധിമുട്ടു സൃഷ്ടിച്ചിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ ഇത് വെള്ളക്കെട്ട് സൃഷ്ടിക്കുകയും കടകളിൽ വെള്ളം കയറുകയും ചെയ്യും.
മുടക്കിയത് സി.പി.എമ്മെന്ന് എം.എൽ.എ
മൂവാറ്റുപുഴ: നഗര റോഡ് വികസനം മുടങ്ങാൻ കാരണം സി.പി.എം നേതാക്കളാണന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. നാലുമാസമായി റോഡ് വികസനം സ്തംഭിച്ചിരിക്കുകയാണ്. നഗര വികസന പദ്ധതി അട്ടിമറിക്കാന്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണം നടത്തുന്ന മൂവാറ്റുപുഴ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയെ മറയാക്കിയാണ് ശ്രമം നടത്തുന്നതെന്ന് എം.എൽ. എ പറഞ്ഞു. നഗര വികസനവുമായി ബന്ധപ്പെട്ട വൈദ്യുതി ബോര്‍ഡിന്റെ ആര്.എം.യു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തി സൊസൈറ്റി കെ.ആര്.എഫ്.ബിക്ക് പരാതി നല്‍കിയത് അട്ടിമറിനീക്കത്തിന്റെ ഭാഗമാണെന്നും എം.എല്‍.എ ആരോപിച്ചു.