തോപ്പുംപടി: മത്സരയോട്ടത്തെ തുടർന്ന് രണ്ടു ബസിലെ ജീവനക്കാർ ബസിനുള്ളിൽ ഏറ്റുമുട്ടി.
സംഘർഷത്തെ തുടർന്ന് പേടിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. രാത്രി എട്ടോടെ നേവൽ ബേസിന് സമീപമാണ് സംഭവം. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന ഇനിഷ ബസും ഫോർട്ട്കൊച്ചി-ചിറ്റൂർ റൂട്ടിൽ ഓടുന്ന പൊറ്റക്കാട് ബസുമാണ് ഫോർട്ട്കൊച്ചി മുതൽ മത്സരയോട്ടം നടത്തിയത്. ഒടുവിൽ നേവൽ ബസിന് സമീപത്ത് എത്തിയപ്പോൾ ഇനിഷ ബസ് ജീവനക്കാർ പൊറ്റക്കാട് ബസിൽ കയറുകയും ഇരു ബസിലെ ജീവനക്കാർ ഏറ്റുമുട്ടുകയുമായിരുന്നു.
സംഭവത്തിൽ ഇനിഷ ബസിലെ കണ്ടക്ടർ അനസിനും പൊറ്റക്കാട് ബസിലെ ഡ്രൈവർ അനൂപിനും പരിക്കേറ്റു.
അനസിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും അനൂപിനെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാർബർ പൊലീസ് കേസെടുത്തു.