മൂവാറ്റുപുഴ: സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. പെട്രോളും വൈദ്യുതിയും ഉപയോഗിക്കാതെ സൗരോർജം മാത്രം ഉപയോഗപ്പെടുത്തി ചെലവുകുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബൈക്ക് നിർമിച്ചാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥികൾ ശ്രദ്ധ നേടിയത്.
രണ്ട് കോംപാക്ട് സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബി.എൽ.സി മോട്ടോറിന്റെ സഹായത്തോടെയാണ് ബൈക്കിന്റെ പ്രവർത്തനം. വാഹനം ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും പകൽ സമയത്ത് ലഭിക്കുന്ന സൗരോർജം ഉപയോഗപ്പെടുത്തി സോളാർ പാനൽ വഴി ബാറ്ററി ചാർജ് ചെയ്താണ് ബൈക്ക് പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതി ഉപയോഗിച്ചുള്ള ബാറ്ററി ചാർജിങ് പരമാവധി കുറക്കാൻ സാധിക്കുന്നു. റീജനറേറ്റിവ് ബ്രേക്കിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ബാറ്ററി റീചാർജിങ് കുറക്കാനും സാധിക്കും. 30,000 രൂപയാണ് നിർമാണച്ചെലവ്.
കോളജിൽ ആരംഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിലൂടെ ഈ ബൈക്ക് വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകനായ ഡോ. സചിൻ ജി. പോളിന്റെ മേൽനോട്ടത്തിൽ നാലാം വർഷ ബി.ടെക് ഇലക്ട്രിക്കൽ വിദ്യാർഥികളായ അൻസിൽ പി. ജയിലാനി, ഫലാഹ് നിസാർ, എസ്. അഭിജിത് എന്നിവർ ചേർന്നാണ് ബൈക്ക് നിർമിച്ചത്.