കാക്കനാട്: വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ വഴി കാക്കനാട് സ്വദേശിയായ വ്യവസായിയുടെ ലക്ഷങ്ങൾ തട്ടിയ പ്രതിയെ പിടികൂടി. മധ്യപ്രദേശിലെ ഇൻഡോർ ദ്വാരകപുരിയിൽ നിന്നാണ് പ്രതി അതുൽ രാജ്നോടിനെ കൊച്ചി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ഷെയർ ട്രേഡിങിൽ നിക്ഷേപം നടത്തിയാൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വാട്സ് ആപ്പ് വഴിയും ഫോണിലൂടെയും കാക്കനാട് സ്വദേശിയെ മെസേജുകൾ വഴി നിരന്തരം ബന്ധപ്പെട്ട് മോഹനവാഗ്ദാനം നൽകി ആകർഷിച്ച് പണം തട്ടിയെന്നാണ് കേസ്. എറണാകുളം നഗരത്തിൽ വ്യാജ കമ്പനി തുടങ്ങി ബാങ്ക് അക്കൗണ്ടുകൾ വഴി നിരവധി പേരുടെ പണം തട്ടിയ മലയാളിയായ ഷാഫി എന്ന പ്രതിയെ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പ് തൃശൂരിൽ നിന്നും കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃക്കാക്കര അസി. കമീഷണറുടെയും കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ. ജയകുമാറിന്റെയും മേൽനോട്ടത്തിൽ അസി. പൊലീസ് സബ് ഇൻസ്പെക്ടർ ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജിത് രാജ്, ആർ. അരുൺ, നിഖിൽ ജോർജ്, ബിന്ദോഷ് സദൻ എന്നിവരാണ് അന്വേഷണം നടത്തിയത്.