ഫോർട്ട്കൊച്ചി: സൗദി സെൻറ് ആൻറണീസ് സ്കൂളിനു സമീപത്തെ കടയിൽ കയറി കട നടത്തിപ്പുകാരനായ മൂലങ്കുഴി കരുവേലിപ്പറമ്പിൽ ബിനോയ് സ്റ്റാൻലിയെ (46) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുണ്ടംവേലി അത്തിപൊഴിയിൽ പുത്തൻ പാടത്ത് വീട്ടിൽ അലൻ ജോസിനെ (24) ആണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ അത്തിപൊഴി ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു കൊലപാതകം. കടയിലെത്തിയ അലൻ ബിനോയിയെ കത്തി ഉപയോഗിച്ച് തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലാത്ത സമയത്താണ് ഇയാളെത്തിയത്. പുറത്ത് നല്ല മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. രക്തം കടയുടെ പുറത്തേക്ക് ഒഴുകി വന്നത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.