മൂവാറ്റുപുഴ: പാർലമെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി മഞ്ഞള്ളൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിവാസികൾ. തെക്കുംമല കവലക്ക് സമീപത്തെ പാണപാറ കോളനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള കോളനി റോഡ് ടാറിങ് നടത്തിയിട്ട് വർഷങ്ങളായി.
അറ്റകുറ്റപ്പണികൾ പോലുമില്ലാതെ തകർന്ന റോഡ് ഒന്നര വർഷം മുമ്പ് ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. തുടർന്നും ടാറിങ് നടത്താതെ വന്നതോടെ പ്രദേശമാകെ പൊടി മൂടുകയും മഴക്കാലത്ത് റോഡ് ചെളിക്കുളമാകുകയുമായിരുന്നു.
നാൽപ്പതോളം കുടുംബങ്ങളാണ് റോഡിന് സമീപത്തായി താമസിക്കുന്നത്. നിരവധി പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. അവഗണനയിൽ പ്രതിഷേധിച്ച് വാർഡിലെ ഇതര വോട്ടർമാരുമായി സഹകരിച്ച് വോട്ട് ബഹിഷ്കരിക്കുന്നതിനാണ് പ്രദേശവാസികൾ ഒരുങ്ങുന്നത്.