കൊച്ചി: ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമീഷണർ എം. എസ് മാധവിക്കുട്ടി നേതൃത്വം നൽകി.
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനും ജില്ലാ പരാതി പരിഹാര സമിതിക്കും മുന്‍പാകെ ലഭിച്ച 39 അപേക്ഷകളാണ് പരിഗണിച്ചത്. സംരംഭകരുടെ പരാതികള്‍ കേട്ട് ചര്‍ച്ച ചെയ്തതിനുശേഷമാണ് പരാതികള്‍ പരിഹരിച്ചത്.
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ്, ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിന്റെ അനുമതി, പഞ്ചായത്ത് ലൈസന്‍സ്, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തുടങ്ങി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് സമിതി പരിഗണിച്ചത്. ശേഷിക്കുന്ന 22 അപേക്ഷകൾ അടുത്ത യോഗത്തിൽ പരിഗണിക്കും.
യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, മാനേജര്‍ ആര്.സംഗീത, സ്മാൾ ഇൻഡസ്ട്രിയൽ അസോസിയേഷൻ ( കെ.എസ്.എസ്.ഐ.എ ) ജില്ലാ പ്രസിഡന്റ് എം.എ അലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.