ആലുവ: ശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ ശനിയാഴ്ച ഉച്ചക്ക് രണ്ടു വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗത നിയന്ത്രണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ:
- മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജി.സി.ഡി.എ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം.
- മണപ്പുറത്ത് പാർക്കിങ്ങിന് ഗ്രൗണ്ടുകള്‍ തയാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക് ആയിരിക്കും).
- മണപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം. (വൺവേ ട്രാഫിക് ആയിരിക്കും).
- തോട്ടയ്ക്കാട്ടുക്കര ജങ്ഷനില്‍നിന്നു മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല.
- വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍നിന്നു ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയ ശേഷം പറവൂര്‍ കവല-യു.സി കോളജ്-കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം.
- അങ്കമാലി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ പറവൂര്‍ കവലയില്‍ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങിപ്പോകണം.
- എറണാകുളം ഭാഗത്തുനിന്ന് ദേശീയപാത വഴി വരുന്ന പ്രൈവറ്റ് ബസുകള്‍ പുളിഞ്ചോട് നിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്‍ഡില്‍നിന്ന് തിരികെ ബാങ്ക് കവല-ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം.
- പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ പമ്പ് കവല വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെനിന്ന് തിരികെ സർവിസ് നടത്തണം.
- പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ, ഡി.പി.ഒ ജങ്ഷൻ വഴി നേരെ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നു തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവിസ് റോഡിലൂടെ പുളിഞ്ചോട് കവയിൽ എത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ, പമ്പ് കവല വഴി തിരികെ പോകണം.
- വെള്ളിയാഴ്ച വൈകീട്ട് എട്ടുമുതൽ ബാങ്ക് കവല തുടങ്ങി മഹാത്മഗാന്ധി ടൗണ്‍ ഹാള്‍ റോഡ് വരെ വാഹന ഗതാഗതം അനുവദിക്കില്ല.
- വൈകീട്ട് എട്ടുമുതൽ ദേശീയപാത ഭാഗത്തുനിന്ന് ആലുവ ടൗണ്‍ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് കവലയിൽ എത്തി കാരോത്തുകുഴി, ഗവ. ഹോസ്പിറ്റൽ വഴി പോകേണ്ടതും പെരുമ്പാവൂർ ഭാഗത്തുനിന്ന് ടൗണ്‍ വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത കവല, സീനത്ത്, ഡി.പി.ഒ കവല, ഗവ. ഹോസ്പിറ്റൽ കവല, കാരോത്തുകുഴി വഴി പോകണം.
- ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽനിന്ന് മണപ്പുറത്തേക്ക് പോകാൻ പാലം നിർമിച്ചിട്ടുള്ളതിനാൽ കടത്തുവഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ല.
- വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ തൃശൂർ ഭാഗത്തുനിന്നു വരുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽനിന്നു എം.സി റോഡിലൂടെ പോകണം.
- വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ എറണാകുളത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരിയിൽനിന്നു കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി വഴി തൃശൂർ ഭാഗത്തേക്ക് പോകണം.