പുക്കാട്ടുപടി: വഴിയരികില്‍ സംസാരിച്ചുനിന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രായപൂർത്തിയാകാത്തവരടക്കം മൂന്നുപേർ പിടിയിൽ. എടത്തല കുറുപ്പശ്ശേരി സഫർ (20) അടക്കം മൂന്നുപേരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.
പുക്കാട്ടുപടി കറിച്ചട്ടി റസ്റ്റാറന്റിന് സമീപം തിങ്കളാഴ്ച രാത്രി 9.55നാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കാക്കനാട് പറപ്പയില് സ്വാഹില്‍ (17), പുക്കാട്ടുപടി പ്ലാച്ചേരില്‍ പി.എ. സഹദ് (34) എന്നിവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ സംഘം അകാരണമായി തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് മർദനമേറ്റവർ പറഞ്ഞു. തടയാന്‍ ചെന്ന സഹദിനെയും സംഘം വെട്ടുകയായിരുന്നു. ഇതിനിടെ സ്വാഹിലിനെയും വെട്ടിയ സംഘം കടന്നുകളഞ്ഞു. സഹദിന്റെ കൈക്കും സ്വാഹിലിന്റെ പുറത്തുമാണ് വെട്ടേറ്റത്. തടിയിട്ടപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.