മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും. വോട്ടെടുപ്പിൽനിന്ന് മുസ്ലിം ലീഗ് അംഗങ്ങൾ വിട്ടുനിൽക്കും.
നിയോജക മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. കോൺഗ്രസ് അംഗങ്ങളും വിട്ടുനിൽക്കും. ഇതോടെ കോൺഗ്രസ് അംഗമായ വൈസ് പ്രസിഡൻറ് ഷോബി അനിലിനെതിരായ അവിശ്വാസം പാസാകാൻ സാധ്യതയില്ല.
22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരുമുന്നണികൾക്കും 11 അംഗങ്ങൾ വീതമാണുള്ളത്. നേരത്തേ യു.ഡി.എഫ് 12, എൽ.ഡി.എഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ മൂന്നുവർഷം കോൺഗ്രസിനും തുടർന്ന് രണ്ടുവർഷം ലീഗിനുമായിരുന്നു പ്രസിഡൻറ് സ്ഥാനം. കോൺഗ്രസിലെ മാത്യൂസ് വർക്കി ടേം പൂർത്തിയാക്കി ഫെബ്രുവരിയിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
തുടർന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന പി.എം. അസീസ് കൂറുമാറി എൽ.ഡി.എഫിൽ ചേർന്ന് പ്രസിഡൻറായി. തെരഞ്ഞെടുപ്പിൽ മറ്റൊരു കോൺഗ്രസ് അംഗം നിസ മൈതീന്റെ വോട്ട് അസാധുവായതോടെയാണ് അസീസ് വിജയിച്ചത്. ഇതോടെ പഞ്ചായത്തിൽ ലീഗ്, കോൺഗ്രസ് ബന്ധം തകരുകയായിരുന്നു.
ഇത് മുന്നിൽകണ്ടാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസവുമായി എൽ.ഡി.എഫ് രംഗത്തുവന്നത്. ലീഗ്, കോൺഗ്രസ് ഭിന്നത രൂക്ഷമായിരിക്കെ ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.