കൊച്ചി: ചിറ്റൂർ വടുതലയിലെ ചേരാനല്ലൂർ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. മുളവുകാട് പട്ടാള ക്യാമ്പിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ചേരാനല്ലൂർ കൊറങ്ങോട്ട ദ്വീപിൽ പടിഞ്ഞാറേയറ്റത്ത് വേങ്ങാട്ട് പ്രസന്നനെയാണ് (54) എറണാകുളം ടൗൺ നോർത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ മുളവുകാട് പൊന്നാരിമംഗലത്തും എറണാകുളം കോമ്പാറയിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയംവെച്ച് വൻ തുകകൾ തട്ടിയെടുത്തതായി തെളിഞ്ഞു. മുക്കുപണ്ടങ്ങൾ ഇയാൾക്ക് എത്തിച്ചുകൊടുത്തിരുന്നത് സുഹൃത്തുക്കളായ ടിജോ, സുനു എന്നിവരാണെന്ന് ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കി.