മരട്: വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിയ രണ്ട് കെനിയൻ യുവതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിലെ അപ്പാർട്മെന്റിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാർഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി അദംബ (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പാണ് ഇരുവരും നെട്ടൂരിലെ അപ്പാർട്മെന്റിൽ താമസിക്കാനെത്തിയത്. ഒരാഴ്ച മുമ്പ് കൂടെ താമസിക്കാനെത്തിയ കെനിയയിലെ മറ്റൊരു യുവതിയുമായി ബഹളമുണ്ടാവുകയും യുവതിയുടെ പാസ്പോർട്ടും പണവും ഇവർ കൈവശം വെക്കുകയുമായിരുന്നു.
ഇതേ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പനങ്ങാട് പൊലീസ് നടത്തിയ പരിശോധനയിൽ കൈവശമുള്ള പാസ്പോർട്ട് ഇവരുടേതല്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ പാസ്പോർട്ട് ഡൽഹിയിലുള്ള മറ്റൊരു യുവതിയുടെ കൈയിലാണെന്ന് കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തതിലാണ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുകയാണെന്ന് മനസ്സിലായത്.
2018ൽ കാലാവധി കഴഞ്ഞതാണെന്നും ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വരുകയായിരുന്നെന്നും പനങ്ങാട് സി.ഐ പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കും.