
െചളിയിൽ കുടുങ്ങിയ യാത്രാബോട്ട് മറ്റൊരു ബോട്ട് എത്തി നീക്കുന്നു
മട്ടാഞ്ചേരി: നവീകരിച്ച് ഉദ്ഘാടനം ചെയ്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിയിലേക്ക് വരികയായിരുന്ന യാത്രാബോട്ട് ജെട്ടിക്ക് സമീപം കായലിലെ ചെളിയിൽ കുടുങ്ങി. എറണാകുളത്തുനിന്ന് മട്ടാഞ്ചേരി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടാണ് ചെളിയിൽ കുടുങ്ങിയത്.
വേലിയിറക്ക സമയമായതിനാൽ കായലിൽ അടിഞ്ഞുകിടക്കുന്ന ചെളിയിൽ ബോട്ട് കുടുങ്ങുകയായിരുന്നു. അര മണിക്കൂറോളം കുടുങ്ങിക്കിടന്ന ബോട്ട് മറ്റൊരു ബോട്ട് എത്തിയാണ് ചെളിയിൽ നിന്നും വലിച്ച് മാറ്റിയത്.
ശരിയായ തോതിൽ ഡ്രഡ്ജിങ് നടക്കാത്തതാണ് ബോട്ട് ചെളിയിൽ കുടുങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ജെട്ടിയുടെ നവീകരണം പൂർത്തിയായ ശേഷം കായലിലെ എക്കലും ചെളിയും നീക്കാൻ നടപടികൾ ഉണ്ടാകാത്തത് സർവിസ് ആരംഭിക്കുന്നതിന് വിഘാതമായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഒരു വർഷത്തോളം പിന്നിട്ടപ്പോഴാണ് ഡ്രഡ്ജിങ് നടത്തി സർവിസ് പുനരാരംഭിച്ചത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ചയാണ് ഇവിടെനിന്ന് സർവിസ് പുനരാംരംഭിച്ചത്. നവീകരിച്ച ജെട്ടിയിൽ വൈദ്യുതിയില്ലാത്തത് രാത്രിയാത്രികർക്ക് ദുരിതം വിതക്കുന്നുണ്ട്. യാത്രക്കാരിയായ ഒരു സ്ത്രീ കഴിഞ്ഞ ദിവസം രാത്രി തടഞ്ഞ് വീണിരുന്നു.