
ഹൈബി ഈഡൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത
മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തുന്നു
കൊച്ചി: രൂക്ഷമായ വേലിയേറ്റം പരിഹരിക്കുന്നതിന് കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടിയുണ്ടായേക്കും. വിഷയത്തിൽ അടിയന്തര സഹായം തേടി ഹൈബി ഈഡൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിനെ സന്ദർശിച്ച് വിഷയം ധരിപ്പിച്ചതോടെയാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. വേമ്പനാട് കായൽ, കായലിന്റെ കൈവഴികളിലുള്ള ചെറുകായലുകൾ എന്നിവയുടെ അടിത്തട്ടിൽ എക്കൽ അടിഞ്ഞ് സംഭരണശേഷി കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് എം.പി മന്ത്രിയോട് വിശദീകരിച്ചു.
വിഷയത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നും റിപ്പോർട്ട് തേടുമെന്നും ഡ്രഡ്ജിങിന് വേണ്ട പദ്ധതി രേഖ ആവശ്യപ്പെടുമെന്നുമാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്. പോർട്ട് ട്രസ്റ്റിന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിലാകും അവർക്ക് ഡ്രഡ്ജിങിന് സാധിക്കുക. ഇക്കാര്യം പരിശോധനാ വിധേയമാക്കിയ ശേഷം മറ്റു പ്രദേശങ്ങളെ പരിഗണിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. നടപടികൾക്കായി മതിയായ ഫണ്ട് അനുവദിക്കണമെന്നും പദ്ധതി രൂപവത്കരണം, നിർവഹണം എന്നിവക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ഏൽപ്പിക്കണമന്നും എം.പി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ സാഗർമാല പരിപാടിക്ക് കീഴിൽ വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയാറാക്കൽ, വിലയിരുത്തലുകൾ നടത്തൽ, ആവശ്യമായ അനുമതികൾ നേടൽ, പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കൽ എന്നിവ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉത്തരവാദിത്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമകൊച്ചി, വൈപ്പിൻ തീരമേഖലയിൽ കായൽ വേലിയേറ്റം അതിരൂക്ഷമാണെന്ന് എം.പി വ്യക്തമാക്കി. ഇത്തവണത്തെ വേലിയേറ്റം മൂലം കൊച്ചി നഗരത്തിലെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കായലിന്റെ ജലസംഭരണശേഷിയിലുണ്ടായ കുറവും തുടർന്നുള്ള വെള്ളപ്പൊക്കത്തിന്റെ ആവൃത്തിയിലും തീവ്രതയിലുമുള്ള വർധനയും ഗൗരവമാണ്. വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കത്തെ നേരിടാൻ ജലാശയങ്ങളുടെ മാനേജ്മെന്റിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ മാസ്റ്റർപ്ലാൻ ഉണ്ടാകണമെന്ന് എം.പി ആവശ്യപ്പെട്ടു. എറണാകുളത്ത് കടവന്ത്ര, തേവര, പനമ്പിള്ളി നഗർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കടവന്ത്ര ഇന്ദിര നഗർ, ചിലവന്നൂർ റോഡ് ഭാഗങ്ങളിലും തേവരയിൽ തേവര കോളനി സൂര്യ നഗർ, കോന്തുരുത്തി എന്നീ ഭാഗങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരുന്നതെന്ന് ഹൈബി ഈഡൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.