
കൊച്ചി: സീഡ് സൊസൈറ്റികൾ രൂപീകരിച്ച് ഇരുചക്രവാഹനങ്ങളടക്കമുളളവ പാതിവിലക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പിൽ വീണുടഞ്ഞത് ജില്ലയിലെ ആയിരക്കണക്കിന് വീട്ടമ്മമാരുടെ സ്വപ്നങ്ങളാണ്. സംസ്ഥാനത്ത് തന്നെ സംഘം ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തിയതും എറണാകുളം ജില്ലയിൽ നിന്നാണ്.
നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആറായിരത്തോളം പേരാണ് ജില്ലയിൽ മാത്രം കബളിപ്പിക്കപ്പെട്ടത്. മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, കോലഞ്ചേരി മേഖലകളിൽ നിന്നെല്ലാം പരാതിക്കാർ രംഗത്ത് വന്നിട്ടുണ്ട്. ഇത് വഴി സംഘം തട്ടിയ കോടികളുടെ യഥാർഥ കണക്ക് പുറത്ത് വരാൻ ഇനിയും വൈകും.
തട്ടിപ്പിന് മറയായി രാഷ്ട്രീയക്കാരും ജനപ്രതിനിധികളും
അനന്തുകൃഷ്ണൻ നടത്തിയ ആസൂത്രിത തട്ടിപ്പിന് ആക്കം കൂട്ടിയത് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമാണ്. പ്രാദേശിക തലത്തിൽ ഇയാളുടെ സീഡ് സൊസൈറ്റികൾ നടത്തുന്ന പൊതുപരിപാടികളിലെ പ്രധാന സാന്നിധ്യം ഇവരായിരുന്നു. വാർഡ് അംഗങ്ങൾ തൊട്ട് എം.പിമാർ വരെ ഇക്കൂട്ടത്തിലുണ്ട്.
ജില്ലയിലെ വാർഡ് അംഗങ്ങൾ തൊട്ട് പഞ്ചായത്ത് പ്രസിഡൻറുമാർ വരെ സ്ത്രീ ശാക്തീകരണത്തിനായി പാതിവിലക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകുന്ന ഇയാളുടെ പരിപാടിയുടെ പ്രചാരകരായി. ഇതിന്റെ മെസേജുകൾ ഇവർ അഡ്മിനായ വാർഡ് തല ഗ്രൂപ്പുകളിലും പൊതുഗ്രൂപ്പുകളിലും പാറി നടന്നു. ഇത്തരം പ്രചാരണങ്ങൾ വിശ്വസിച്ചാണ് കൂടുതൽ പേരും ഇയാളുടെ കെണിയിൽ വീണത്. ഇക്കൂട്ടത്തിൽ തന്നെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ വർക്കർമാരും കുടുംബശ്രീ വനിതകളുമാണ് കൂടുതലും കുടുങ്ങിയത്.
പ്രചാരകരായ ജനപ്രതിനിധികളടക്കമുളളവർക്ക് ഇയാൾ ആനുകൂല്യങ്ങൾ നൽകിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു വാഹനത്തിന് പകുതി പണം അടക്കുമ്പോൾ 3250 എന്ന നിരക്കിലായിരുന്നു ഇവർക്ക് നൽകിയിരുന്ന കമീഷനെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.
മുഖം നഷ്ടമായി എൻ.ജി.ഒകൾ; പരാതി പ്രളയം
അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പ് പുറത്ത് വന്നതോടെ ജില്ലയിലെമ്പാടും പരാതി പ്രളയമാണ്. പാതിവിലക്ക് വാഹനമടക്കമുളളവ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം വാങ്ങിയും പണയം വെച്ചും പണം നൽകിയ സാധാരണക്കാരാണ് പരാതിക്കാരിലേറെയും. ഇടനിലക്കാരായി നിന്ന് പരിപാടികൾ നടത്തിയ എൻ.ജി.ഒകളും ചിലയിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി, പറവൂർ അടക്കമുളള പ്രദേശങ്ങളിലാണ് ഇവർ പരാതി നൽകിയത്.
പണം നഷ്ടമായ സാധാരണക്കാർ തങ്ങൾക്കെതിരെ തിരിയാതിരിക്കാനുളള നാടകമാണിതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇടനിലക്കാരായി പ്രവർത്തിച്ച കോലഞ്ചേരിയിലെ വാരിയർ ഫൗണ്ടേഷൻ ആറ് മാസം കൊണ്ട് ഗുണഭോക്താക്കളുടെ പണം മടക്കി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ബി.ജെ.പി നേതാവ് നേതൃത്വം നൽകുന്ന എൻ.ജി.ഒ അടക്കം സംഘ് പരിവാർ ബന്ധമുളളവരാണ് ജില്ലയിലെമ്പാടും പരിപാടികൾ നടത്താൻ ചുക്കാൻ പിടിച്ചത്. ഇതിനിടയിൽ മറ്റ് സംഘടനകളും ജനപ്രതിനിധികളും വന്ന് വീഴുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തങ്ങൾക്ക് താൽപര്യമുളള മേഖലകളിൽ നിന്ന് കൂടുതൽ പേർക്ക് ആനുകൂല്യം വാങ്ങി നൽകി വോട്ടുറപ്പിക്കാൻ നടത്തിയ ശ്രമമാണ് പല തദ്ദേശ ജനപ്രതിനിധികൾക്കും തിരിച്ചടിയായത്.