
എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ഉദ്ഘാടനം ചെയ്യുന്നു. നഹീമ പൂന്തോട്ടത്തിൽ, ഡോ. അൽഫോൻസ വിജയ ജോസഫ്, അനുമോൾ, ഷെർലി റെജിമോൻ, സിസ്റ്റർ ടെസ്സ, സിസ്റ്റർ ഫ്രാൻസിസ് ആൻ, എം.കെ.എം. ജാഫർ എന്നിവർ സമീപം
കൊച്ചി: സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റങ്ങൾ, സ്ത്രീസംരംഭകരുടെ വിജയരഹസ്യങ്ങൾ, അതിജീവനപാതയിലെ വെല്ലുവിളികൾ, ആത്മവിശ്വാസത്തിന്റെ അടയാളപ്പെടുത്തലുകൾ… ഇതെല്ലാം പകർന്നും പങ്കുവെച്ചും ശ്രദ്ധനേടി ‘മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടത്തിയ ലീഡർഷിപ് കാമ്പയിൻ ശ്രദ്ധേയമായി. ‘ഡിസ്കവർ; ഡിഫൈൻ, ഡിറൈവ്’ ടാഗ് ലൈനോടെ സെന്റ് തെരേസാസിന്റെ സഹകരണത്തോടെ നടത്തിയ കാമ്പയിൻ നൂറുകണക്കിന് വിദ്യാർഥിനികൾക്ക് ആവേശം പകർന്നു.

വിദ്യാർഥികൾക്കായി നടത്തിയ ‘ഐഡിയത്തൺ’ വിജയികൾ മുഖ്യാതിഥികൾക്കും വിധികർത്താക്കൾക്കും ‘മാധ്യമം’പ്രതിനിധികൾക്കുമൊപ്പം – ചിത്രങ്ങൾ: ബൈജു കൊടുവള്ളി
സംരംഭകത്വവും സ്റ്റാർട്ടപ്പുകളും എന്ന വിഷയത്തിൽ നടത്തിയ പരിപാടി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ ജനിച്ചുവളർന്ന് എൻജിനീയറിങ് പഠിച്ച് സിവിൽ സർവിസ് തെരഞ്ഞെടുത്തശേഷം കൊച്ചിയെപ്പോലെ ഏറെ പ്രധാനപ്പെട്ട ഒരു നഗരത്തിൽ ഡി.സി.പിയായി എത്തിയതിന്റെ അനുഭവങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ അശ്വതി ജിജി പങ്കുവെച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ പ്രമുഖ സംരംഭകയും ഫാഷൻ ഡിസൈനറുമായ ഷെർലി റെജിമോൻ, അഭിനേത്രിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ അനുമോൾ എന്നിവർ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ച കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
വിദ്യാർഥികൾക്കായി നടത്തിയ ‘ഐഡിയത്തൺ’ വിജയികൾക്കുള്ള പുരസ്കാര വിതരണം പാനൽ ചർച്ചക്കുശേഷം നടന്നു. ഷെർലി റെജിമോൻ, അനുമോൾ എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ സെൻറ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ ടെസ്സ അധ്യക്ഷത വഹിച്ചു. മാധ്യമം കൊച്ചി യൂനിറ്റ് റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ, മാധ്യമം മാർക്കറ്റിങ് കൺട്രി ഹെഡ് കെ. ജുനൈസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡെപ്യൂട്ടി സ്റ്റോർ ഹെഡ് (എറണാകുളം) പി. റഫീഖ്, സെൻറ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ ഫ്രാൻസിസ് ആൻ, പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമം കൊച്ചി ബ്യൂറോ റിപ്പോർട്ടർ നഹീമ പൂന്തോട്ടത്തിൽ സ്വാഗതവും സെൻറ് തെരേസാസ് കോളജ് മലയാളം വിഭാഗം അസി. പ്രഫസർ ഡോ. ലില്ലി നന്ദിയും പറഞ്ഞു.

മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിന്റെ സദസ്സ്�
സ്വാതന്ത്ര്യം പൊരുതി നേടണം -അശ്വതി ജിജി
കൊച്ചി: പെൺകുട്ടികളെ സംബന്ധിച്ച് വീട്ടിൽനിന്ന് കിട്ടുന്ന സ്വാതന്ത്ര്യം എന്നത് പ്ലേറ്റിലാക്കി മുന്നിൽ കൊണ്ടുവെക്കുന്നതല്ലെന്നും പലപ്പോഴും അച്ഛനമ്മമാരോട് പോരാടി നേടുന്നതാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ചൂണ്ടിക്കാട്ടി. നമ്മുടെ സ്വപ്നമെന്താണെന്ന് തിരിച്ചറിയാനുള്ള പാഷൻ വേണം. തന്റെ കാര്യത്തിൽ ഇങ്ങനെയൊരു തിരിച്ചറിവിന് സമയമെടുത്തുവെന്നും അവർ പറഞ്ഞു. എത്ര സമയമെടുത്താലും ആ ഒരുയാത്ര വളരെ വിലപ്പെട്ടതാണ്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകണമെങ്കിൽ ഒറ്റക്കാലിൽനിന്ന് ഞാനിത് ചെയ്തേ പറ്റൂ എന്ന് തീരുമാനിച്ചാൽ മാത്രമേ എത്തിച്ചേരാനാവൂ.

സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജിക്ക് ‘മാധ്യമം’ കൊച്ചി യൂനിറ്റ് റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ ഉപഹാരം നൽകുന്നു
സ്ത്രീശാക്തീകരണം വീടുകളിലാണ് തുടങ്ങുന്നത്. തനിക്ക് വീട്ടിൽനിന്ന് സഹോദരന്മാരേക്കാൾ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. വീട്ടിൽ അങ്ങനെയൊരു സാഹചര്യമില്ലാത്തവർ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തണം. കോളജുകളിൽ കലാകായിക മത്സരങ്ങളിലെല്ലാം സജീവമായി പങ്കെടുക്കണം. പൊലീസ് ഓഫിസറെന്ന നിലയിൽ തനിക്കു മുന്നിലെത്തുന്ന കേസുകൾ കാണുമ്പോൾ മനസ്സിലാകുന്നത് ഏറെ സംഭവങ്ങളിലും നമ്മൾതന്നെ പോയി ചാടിക്കൊടുക്കുന്നുവെന്നാണ്. സൈബർ കുറ്റകൃത്യങ്ങൾ ഇതിനൊരുദാഹരണമാണ്. നേരിൽ കാണുന്ന ആളുകളെപ്പോലും വിശ്വസിക്കാനാവാത്ത കാലത്ത് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും വഴി സൗഹൃദങ്ങളുണ്ടാക്കുമ്പോൾ ഡിജിറ്റലായി ഒരടയാളംപോലും ശേഷിപ്പിക്കരുത്. സൈബർ കുറ്റകൃത്യം, ലഹരി ഉപയോഗം എന്നിവയിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഐഡിയത്തൺ; ആശയങ്ങളുടെ ആഘോഷം
കൊച്ചി: സുസ്ഥിര വികസനത്തിനും പുനരുപയോഗത്തിനും ഊന്നൽ നൽകി സംഘടിപ്പിച്ച ഐഡിയത്തൺ മത്സരം ആശയങ്ങളുടെ ആഘോഷവേദിയായി. വാശിയേറിയ ഇന്റർ കോളീജിയറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം പാഡ്കെയർ കിറ്റി കോ എന്ന ഐഡിയയുമായി എത്തിയ ലക്ഷ്മി ദേവാംഗന, അനുപമ മരിയ എന്നിവർ സ്വന്തമാക്കി. സ്റ്റഡി കഫേ അവതരിപ്പിച്ച ക്രിസ്റ്റിന തദേവൂസ്, സി.പി. ചന്ദന, രാജശ്രീ, ഗ്രേസ് മരിയ എന്നിവർ രണ്ടാം സ്ഥാനവും കൺവെർട്ടബ്ൾ ഹീൽസ് എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ധർത്തി, ആഞ്ചലീന തെരേസ സിജു, റിതുരാജ് പുരോഹിത് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മാധ്യമം ഏർപ്പെടുത്തിയ കാഷ് അവാർഡ് ഷെർലി റെജിമോൻ, അനുമോൾ എന്നിവർ സമ്മാനിച്ചു.
റീസൈക്ലിങ്ങിലൂടെ ആവർത്തിച്ചുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹാർദവുമായ സാനിറ്ററി പാഡുകൾ നിർമിച്ചുകൊണ്ടാണ് പാഡ് കെയർ ഒന്നാംസ്ഥാനം നേടിയത്. കുറഞ്ഞ ചെലവിൽ കോലേണിങ് ഇടങ്ങളും സൗകര്യവുമൊരുക്കുന്ന ആശയം പ്രായോഗികവത്കരിച്ച് സ്റ്റഡി കഫേ രണ്ടാം സ്ഥാനവും ചെരിപ്പിന്റെ ഹീലുകൾ മാറ്റിമറിച്ച് ഉപയോഗിക്കാമെന്ന ആശയം അവതരിപ്പിച്ച കൺവെർട്ടബ്ൾ ഹീൽസ് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ആകെ 28 എൻട്രികളിൽനിന്ന് 12 എണ്ണമാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ ആശയവും സൃഷ്ടിപരമായി മികച്ചതായിരുന്നുവെന്ന് വിധികർത്താക്കളായ ഗ്രീൻപെപ്പർ സി.ഇ.ഒ കൃഷ്ണകുമാർ, കേരള സ്റ്റാർട്ടപ് മിഷൻ പ്രോഗ്രാംസ്, കമ്യൂണിക്കേഷൻസ് ഹെഡ് എൻ.എം. നാസിഫ്, സെൻറ് തെരേസാസ് ഇക്കണോമിക്സ് വിഭാഗം അസി. പ്രഫസർ ഡോ. സി.എ. മേരി ലിയ എന്നിവർ വ്യക്തമാക്കി.
ഹാർഡ് വർക്കിനേക്കാൾ വേണ്ടത് സ്മാർട്ട് വർക്ക് -ഷെർലി റെജിമോൻ
മുമ്പൊക്കെ ബിസിനസ് വിജയിക്കാൻ കഠിനാധ്വാനവും സമർപ്പണമനോഭാവവുമാണ് വേണ്ടിയിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് സ്മാർട്ട് വർക്ക് ആണ് പ്രധാനമെന്ന് ഷെർലി റെജിമോൻ. കുറെ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതിനേക്കാൾ ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യണം. നോ പറയേണ്ടിടത്ത് അങ്ങനെ പറയേണ്ടി വരും. അതിന് പറ്റിയില്ലെങ്കിൽ നോ പറയാനായി ആളെ നിർത്തണം. സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീസുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നാണ് തന്റെ അനുഭവത്തിൽ മനസ്സിലായത്. സാമ്പത്തിക സ്വാതന്ത്ര്യമുള്ള സമയവും ഇല്ലാത്ത സമയവും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇത് സ്വാതന്ത്ര്യം മാത്രമല്ല, സ്വയം സമ്പാദിച്ച് ചെലവഴിക്കുന്നതിന്റെ സന്തോഷംകൂടിയാണ് നൽകുന്നത് -അവർ കൂട്ടിച്ചേർത്തു.
വൈറലാവാനും ട്രെൻഡിങ് ആവാനും വേണ്ടി ജീവിക്കരുത് -അനുമോൾ
ഇതുചെയ്താൽ വൈറലാകും, ഇത് ട്രെൻഡിങ് ആവും എന്നൊക്കെയുള്ള പ്രയോഗങ്ങളോട് എതിർപ്പാണെന്നും വൈറലാവാനും ട്രെൻഡിങ് ആവാനും വേണ്ടിയാവരുത് ജീവിതമെന്നും അനുമോൾ ചൂണ്ടിക്കാട്ടി. വൈറൽ ആയിക്കഴിഞ്ഞും ഒരു ജീവിതമുണ്ട്.
നമ്മുടെ യാഥാർഥ്യത്തോടും നമ്മുടെ വ്യക്തിത്വത്തോടും സത്യസന്ധത കാണിച്ചുവേണം ജീവിക്കാൻ. എന്തുജോലി ചെയ്യുകയാണെങ്കിലും മനുഷ്യത്വം എന്നൊരു ഘടകമുണ്ട്. സമ്പത്തല്ല, ആരോഗ്യവും മനഃസ്സമാധാനവുമാണ് പ്രധാനമെന്ന് നാം തിരിച്ചറിയണം. സിനിമ മേഖല മാത്രമല്ല, ഏതു മേഖലയാണെങ്കിലും സാമ്പത്തികമായി സ്വാതന്ത്ര്യം ഏറെ പ്രധാനമാണ്. ആർട്ട് സിനിമകളിൽ കൂടുതലായും പ്രവർത്തിച്ചതിനാൽ തുടക്കത്തിലൊക്കെ പല സിനിമയുടെയും പ്രതിഫലംപോലും ലഭിച്ചിട്ടില്ല. എന്നാൽ, കോവിഡ് കാലത്താണ് പ്രതിഫലത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയതെന്നും അനുമോൾ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത വിളിച്ചോതി പാനൽ ചർച്ച
കൊച്ചി: സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതുണ്ടെന്നും പുതുകാലത്തിനനുസരിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏതു മേഖലയിലും വിജയം കൈവരിക്കാനാവുമെന്നും വിളിച്ചോതി പാനൽ ചർച്ച. ഷെർലി റെജിമോൻ, അനുമോൾ എന്നിവർ പങ്കെടുത്ത ചർച്ചയിൽ രേവതി മോഡറേറ്ററായി. തങ്ങളുടെ മേഖലകളിൽ മികവു തെളിയിച്ച പാനലിസ്റ്റുകളുടെ വാക്കുകൾ ഏറെ ആവേശത്തോടെയും കൈയടികളോടെയുമാണ് കോളജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് എതിരേറ്റത്.