
മൂവാറ്റുപുഴ: 20 ദിവസം മുമ്പ് നാട്ടിൽവന്ന് തിരിച്ചുപോയ മൂവാറ്റുപുഴ കാലാമ്പൂർ ഇലഞ്ഞായിൽ അലിയാരിന്‍റെ മകൻ ഷമീർ (48) കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ. സൗദി റിയാദിലെ ഷുമൈസിയിൽ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ തിങ്കളാഴ്ച വൈകീട്ട് ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.
ഇദ്ദേഹത്തിന്‍റെ വാഹനവും ഫോണും ലാപ്ടോപ്പും പണവും നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. ഫോൺ സ്വിച്ച്ഓഫായിരുന്നു. നാട്ടിൽനിന്നടക്കം വിളിച്ചിട്ടും ആളെ കിട്ടാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇദ്ദേഹത്തിെൻറ പേരിൽ ശുമൈസിയിൽ രണ്ടിടത്ത് ഫ്ലാറ്റുകളുണ്ട്. അതിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. ആരാണ് അക്രമിച്ചതെന്നതിനെ സംബന്ധിച്ച് ഒന്നും അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നാണ് വിവരം.
14 വർഷമായി റിയാദിലെ ഷുമൈസിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയായിരുന്നു ഷമീർ. അതോടൊപ്പം കെ.എം.സി.സി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കെ.എം.സി.സി എറണാകുളം ജില്ല വൈസ് പ്രസിഡന്‍റായിരുന്നു. ഭാര്യ സൗദിയിലെ ആശുപത്രിയിൽ നഴ്സാണ്. മൂന്നു കുട്ടികളുണ്ട്.�