
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം മാലിന്യം തള്ളിയ നിലയിൽ
മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ തടാകത്തിൽ മാലിന്യം കെട്ടി കിടക്കുന്നത് സമീപവാസികൾക്ക് ദുരിതമായി. ഓടയിൽനിന്നെത്തുന്ന മാലിന്യത്തിനു പുറമെ അടുത്തകാലത്തായി നാട്ടുകാർ അടക്കം കൊണ്ടുവന്നു തള്ളുന്നവ കൂടിയായതോടെ ദുരിതം വർധിച്ചു. അസഹ്യമായ ദുർഗന്ധവും വമിക്കുകയാണ്.
വെള്ളൂർക്കുന്നത്തുനിന്ന് ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടന്നാണ് മാലിന്യത്തടാകമായി മാറിയത്. ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികളും ആശുപത്രിയിൽ എത്തുന്നവരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമെല്ലാം ദുരിതമാണ് ഈ മാലിന്യ കൂമ്പാരം. ഇ.ഇ.സി ബൈപാസ് റോഡിനു സമീപം സ്റ്റേഡിയത്തിനും പൂട്ടിയിട്ടിരിക്കുന്ന മത്സ്യമാർക്കറ്റിനും സമീപമുള്ള ചതുപ്പിലാണ് മാലിന്യം തള്ളുന്നത്.
വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നാട്ടുകാർ സമരം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം മത്സ്യമാർക്കറ്റിൽ മാലിന്യം കൊണ്ടുവന്നു തള്ളിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് നഗരസഭ ഇത് ഇവിടെ നിന്നു നീക്കി. ഇതിനു പിന്നാലെയാണ് നഗരമാലിന്യം കൂടിതള്ളുന്ന കേന്ദ്രമായി ഇതിനു സമീപമുള്ള ചതുപ്പ് മാറിയത്. വെള്ളൂർകുന്നം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിൽനിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെ കാനയിലൂടെ എത്തി രൂപപ്പെടുന്ന മാലിന്യത്തടാകത്തിനു സമീപം തന്നെയാണ് പുതിയ മാലിന്യം തള്ളൽ കേന്ദ്രം രൂപപ്പെടുന്നത്. ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.