പറവൂർ: ആലുവ – പറവൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആര്.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോവിഡിന് ശേഷം പറവൂരില്‍ നിന്ന് ആലുവക്കും ആലുവയില്‍ നിന്ന് പറവൂര്ക്കും15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരുന്ന ടൗണ്‍ ലിമിറ്റഡ് സര്‍വിസുകളാണ് കലക്ഷന്‍ കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയത്.
എന്നാൽ, ഇതുസംബന്ധിച്ച് യാത്രക്കാർ പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ ആലുവ അസി. ട്രാൻസ്പോർട്ട് ഓഫിസറോട് വിശദീകരണം തേടി. ഇതേ തുടർന്നാണ് നടപടിയിൽ നിന്ന് പിന്നാക്കം പോയത്. രാവിലെയും വൈകീട്ടും ഉള്ള സര്‍വിസുകള്‍ ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വിസും കെ.എസ്.ആര്.ടി.സി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വീണ്ടും രാവിലെ ആലുവയിലേക്കും വൈകീട്ട് പറവൂരിലേക്കും ഉള്ള സര്‍വിസുകള്‍ കലക്ഷന്‍ കുറവാണെന്ന കാരണത്താലായിരുന്നു നിർത്തലാക്കുന്നത്.
രാവിലെ 8.40നും ഒമ്പതിനും പറവൂരില്‍ നിന്നും രാവിലെ ഒമ്പതിനും ആലുവയില്‍ നിന്നും വൈകീട്ട് അഞ്ചിനും പറവൂരില്‍ നിന്നും ആലുവയില്‍ നിന്നും ഉള്‍പ്പെടെ അഞ്ച് സര്‍വിസുകള്‍ ഉണ്ടാകുമെന്നും കൂടാതെ പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം രണ്ട് സര്‍വിസ് കൂടി കൂടുതലായി നടത്താന്‍ ഉദ്ദേശിക്കുന്നതായും കെ.എസ്.ആര്.ടി.സി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഈ സര്‍വിസുകള്‍ രാവിലെ 9.15നും പറവൂരില്‍ നിന്ന് വൈകീട്ട് 5.15ന് ശേഷം ആലുവയില്‍ നിന്നും പറവൂരിലെ ജീവനക്കാരുടെ സൗകര്യത്തിനായി സര്‍വിസ് നടത്തുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനുള്ള നിർദേശം കെ.എസ്.ആര്.ടി.സിക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.