മൂവാറ്റുപുഴ: 60ാം വയസ്സിൽ 1001ാമത്തെ വിധിനിർണയം പൂർത്തിയാക്കി ആലിക്കുട്ടി. ശനിയാഴ്ച ഈ രംഗത്ത് 40 വർഷം തികച്ചാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളുടെ വിധികർത്താവായി കോഴിക്കോട് കുന്ദമംഗലം പന്തീർപാടം ചെപ്പുകുളത്തിൽ സി.കെ. ആലിക്കുട്ടി 1001 വേദി തികച്ചത്.
ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബനമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലാണ് വിധികർത്താവായി ആലിക്കുട്ടി ഉണ്ടാവുക. ഫോക്ലോർ അവാർഡ് ജേതാവും മാപ്പിളകലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും കേരള സംസ്ഥാന മാപ്പിളകലാ ജഡ്ജിങ് കമ്മിറ്റി ചെയർമാനുമാണ് ഇദ്ദേഹം. ഗുരുതുല്യരായി കരുതുന്ന വി.എം. കുട്ടി, റംല ബീഗം, പീർ മുഹമ്മദ്, ആയിഷ ബീഗം, ചെലവൂർ കെ.സി. അബൂബക്കർ, വിളയിൽ ഫസീല, എരഞ്ഞോളി മൂസ, എ.വി. മുഹമ്മദ്, ബാപ്പു വെളിപറമ്പ് തുടങ്ങി ഹസൻ നെടിയനാട്, പക്കർ പന്നൂർ, ഒ.എം. കരുവാരക്കുണ്ട്, ടി.പി. അബ്ദുല്ല ചെറുവാടി, ഫൈസൽ എളേറ്റിൽ, തുടങ്ങിയവർക്കൊപ്പം വിധിനിർണയം നടത്തിയിട്ടുണ്ട്.
ആദ്യമായി വിധിനിർണയത്തിന് പോയത് കുണ്ടുങ്ങര അബ്ദുറഹിമാൻ എളേറ്റിൽ, പക്കർ പന്നൂർ എന്നിവർക്കൊപ്പം കാസർകോട് തെക്കിൽപറമ്പ് ഗവ. യു.പി സ്കൂളിലായിരുന്നു. 1984 നവംബർ 15നായിരുന്നു ഇത്. 40 വർഷം തികഞ്ഞ വെള്ളിയാഴ്ച മൂവാറ്റുപുഴ വാളകം സ്കൂളിൽ മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിൽ ആയിരാമത് വിധിനിർണയം നടത്താനായി. 40 വർഷംമുമ്പ് ആദ്യം ലഭിച്ച പ്രതിഫലം 20 രൂപയായിരുന്നു. ഇപ്പോഴത് 2500 രൂപയാണ്. ഒപ്പന, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട് എന്നിവ കുന്ദമംഗലത്തെ വീട്ടിൽ സൗജന്യമായി പരിശീലിപ്പിക്കുന്നുമുണ്ട്. പിതാവ് കാക്കാട്ട് ഇമ്പിച്ചിക്കോയ റാത്തീബ് ദഫിൽ പ്രാഗല്ഭ്യം തെളിയിച്ചയാളായിരുന്നു. മാതാവ്: മറിയം ഹജ്ജുമ്മ.