പെരുമ്പാവൂര്‍: പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്‍സി മോഹന്‍ എന്നിവരും ഊരു മൂപ്പന്മാരും, കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരും ആദ്യയാത്രയില്‍ പങ്കാളികളായി.
1971ല്‍ ഇടമലയാര്‍ ഡാം പണിയുന്ന കാലഘട്ടത്തിലാണ് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ താമസിച്ചിരുന്ന 200ഓളം കുടുംബങ്ങളെ ഇടമലയാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പൊങ്ങന്‍ചുവട്, താളുകണ്ടം എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയത്. അക്കാലയളവില്‍ ഇടമലയാര്‍ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസ് ഉള്‍പ്പെടെ 12 സര്‍വിസ് ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നിലച്ചു.
ദുര്‍ഘടമായ കാട്ടുപാതയിലൂടെയാണ് അഞ്ചുപതിറ്റാണ്ടായി ഇവിടത്തുകാര്‍ സഞ്ചരിച്ചിരുന്നത്. എം.എല്‍.എമാരുടെ ഇടപെടലില്‍ 2.8 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് വിട്ടുനല്‍കാമെന്ന് കലക്ടറുടെയും മന്ത്രിയുടെയും സാന്നിധ്യത്തില്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ ഉറപ്പുനല്‍കിയതോടെയാണ് ഊരിന്റെ യാത്രാക്ലേശം മാറിയത്.
ശനിയാഴ്ച ഉച്ചക്ക് കോതമംഗലം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസിന് വടാട്ടുപാറയില്‍ നാട്ടുകാരും, ഇടമലയാറില്‍ യു.പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും, വൈകീട്ട് അഞ്ചിന് താളുകണ്ടം ഊര് കടന്ന് പൊങ്ങന്‍ ചുവടില്‍ ബസ് എത്തിയപ്പോള്‍ അവിടത്തുകാരും സ്വീകരണം നല്കി. ദീര്‍ഘനാളായി വലിയ വാഹനങ്ങൾ കടന്നുപോകാത്തതുകൊണ്ട് റോഡിന്റെ അരികുവരെയും ഈറ്റയും ഇഞ്ചയും നിറഞ്ഞുനില്ക്കുന്ന സാഹചര്യത്തില്‍ അവ അടിയന്തരമായി വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയതായും തടസ്സങ്ങള്‍ നീക്കി ഉടനെ സര്‍വിസ് ആരംഭിക്കുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു.