പെരുമ്പാവൂർ: ആലുവയിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി മരിച്ച കൂവപ്പടി പള്ളിക്കരക്കാരൻ വീട്ടിൽ പത്രോസിന്റെ (പോളച്ചന് -57) ബന്ധുക്കളും സുഹൃത്തുക്കളും ജനസേവ തെരുവുനായ് വിമുകത കേരളസംഘം ചെയര്മാൻ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സംസ്കാരം നടന്ന ആയത്തുപടി നിത്യസഹായമാത പള്ളി സെമിത്തേരിയിൽ പ്രതിഷേധിച്ചു. കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പോളച്ചനെ ഈമാസം ആദ്യമാണ് ആലുവ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം നായ് കടിച്ചത്. അന്ന് പതിമൂന്നോളം പേര്‍ക്ക് കടിയേറ്റിരുന്നു. ആലുവ ഗവ. ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു നായുടെ ആക്രമണം.
രണ്ട് ദിവസത്തിനുള്ളില്‍ നായ് ചത്തു. പിന്നീടാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേല്‍ക്കുന്നവര്‍ എടുക്കുന്ന വാക്സിന് പോളച്ചനും എടുത്തിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ച എറണാകുളം ഗവ. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കാരനായിരുന്ന പോളച്ചന് ഭാര്യയും രണ്ട് മക്കളുമുണ്ട്.