മൂവാറ്റുപുഴ: നാൽപ്പത് ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കൊട്ടിക്കലാശം ഉൽസവമാക്കി മുന്നണികൾ. പ്രചാരണംകൊട്ടിയിറക്കി പ്രവർത്തകർ. പ്രവർത്തകരുടെ ആവേശത്തുള്ളലിൽ അണിചേർന്ന് കാഴ്ചക്കാരും.
ദിവസങ്ങൾ നീണ്ട പ്രചാരണ പരിപാടികൾക്കൊടുവിൽ ഒട്ടും ആവേശം കുറയാതെയാണ് ബുധനാഴ്ച പ്രചാരണത്തിന് തിരശീല വീണത്. ബുധനാഴ്ച്ച രാവിലെ മുതൽ തന്നെ നിരത്തുകളിൽ പ്രചാരണ വാഹനങ്ങൾ നിറഞ്ഞിരുന്നു. ബൈക്കുകളിലും സ്കൂട്ടറുകളിലും അണികൾ പാട്ടും മേളവുമായി നാടു ചുറ്റി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന പ്രചാരണം കാണാനും ആളുകളുണ്ടായിരുന്നു. മിക്കവാറും എല്ലായിടങ്ങളിലും കലാശക്കൊട്ടിന്റെ ഭാഗമായി ബൈക്ക് റാലികൾ സംഘടിപ്പിച്ചിരുന്നു.
പ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറു കൾക്ക് മുമ്പ് തന്നെ മൂന്നു മുന്നണികളുടെയും പ്രചാരണ വാഹനങ്ങളും പ്രവർത്തകരും നഗരത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. പതിവിന് വിപരീതമായി മൂന്നു മുന്നണി കൾക്കും നിയോജക മണ്ഡലം തല കൊട്ടിക്കലാശത്തിന് നഗരത്തിലെ മൂന്നു ഭാഗങ്ങളിലാണ് പൊലീസ് അനുമതി നൽകിയിരുന്നത്. യു.ഡി.എഫിന് പി.ഒ ജങ്ങ്ഷനിലും എൽ.ഡി . എഫിന് കച്ചേരിത്താഴത്തും എൻ.ഡി.എക്ക് നെഹൃപാർക്കിലുമായിരുന്നു അനുമതി. അഞ്ച് മണിയായപ്പോഴേക്കും പ്രവർത്തകരുടെ ഒഴുക്കായിരുന്നു. ബൈക്ക് ജാഥയായും കാൽ നടയായും മുന്നണി പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി. പിന്നെ മേളമായിരുന്നു. കൂട്ടമായി എത്തിയ പ്രചാരണ വാഹനങ്ങളിൽ നിന്നും അനൗൺ മെന്റും പാട്ടും ഒഴുകിയതോടെ പ്രവർത്തകർ ആവേശത്തള്ളലിൽ ആടാനും തുള്ളാനും തുടങ്ങി. ഉത്സവഛായ പകർന്ന അന്തരീക്ഷത്തിന് ഒടുവിൽ ആറു മണിക്ക് പ്രചാരണംകൊട്ടിയിറങ്ങി.
മൂന്നിടങ്ങളിലായി കലാശക്കൊട്ടു നടന്നതിനാൽ രാഷ്ടീയ പാർട്ടി പ്രവർത്തകർ തമ്മിലുള്ള സംഘർഷ ങ്ങളും ഉണ്ടായില്ല. നഗരത്തിൽ നാലുമണി മുതൽ പൊലീസ് ഇറങ്ങി ഗതാഗതം നിയന്ത്രിച്ചതിനാൽ വലിയ ഗതാഗതക്കുരുക്കും ഇത്തവണ ഉണ്ടായില്ല. കൊട്ടിക്കലാശം നടന്ന മൂന്നിടങ്ങളിലും നിരവധി പേരാണ് കാഴ്ചക്കാരായി എത്തിയത്.
കോതമംഗലത്ത് ആവേശം അലതല്ലി
കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയും പ്രകടമാക്കി നഗരത്തിൽ രാഷ്ട്രിയ പാർട്ടികളുടെ കൊട്ടിക്കലാശം. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യക്കോസിന്റെ റോഡ് ഷോയാണ് നഗരത്തിൽ ആദ്യം ആരംഭിച്ചത്. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും മൂന്നരയോടെ ആരംഭിച്ച കലാശക്കൊട്ടിൽ സ്ഥാനാർഥി കൂടി തുറന്ന വാഹനത്തിൽ പങ്കെടുത്തത് അണികൾക്ക് ആവേശമായി. ഹൈറേഞ്ച് ജംഗ്ഷനിൽ സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം നേതാക്കളായ എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്, മുൻ മന്ത്രി ടി.യു. കുരുവിള, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, എ.പി. ഉസ്മാൻ, കെ.പി. ബാബു, ഷിബു തെക്കുമ്പുറം, ഷമീർ പനക്കൽ, ഇബ്രാഹിം കവലയിൽ, ബാബു ഏലിയാസ്, പി.പി. ഉതുപ്പാൻ, അബു മൊയ്ദീൻ, പി.കെ. മൊയ്തു, ഇ.എം. മൈക്കിൾ, മാത്യു ജോസഫ്, എ.സി. രാജശേഖരൻ, എം.എസ്. എൽദോസ്, എബി എബ്രഹാം, വി.വി. കുര്യൻ, പ്രിൻസ് വർക്കി, പി.എസ്. നജീബ്,എ. ടി. പൗലോസ്, പീറ്റർ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
യു.ഡി.എഫ് പ്രകടനം ഹൈറേഞ്ച് ജങ്ഷനിൽ എത്തിയ ശേഷമാണ് ഇടത് സ്ഥാനാർഥി ജോയ്സ് ജോർജിനായുള്ള പ്രകടനം ഹൈറേഞ്ച് ജങ്ഷനിൽ നിന്ന് ആരംഭിച്ചത്. പോസ്റ്റ് ഓഫിസ് ജങ്ഷനിൽ സമാപിച്ച റാലിയിൽ ആന്റണി ജോൺ എം.എൽ.എ, ആർ. അനിൽ കുമാർ, കെ.എ. ജോയ്, പി.ടി. ബെന്നി, എ.എ. അൻഷാദ്, കെ.കെ. ടോമി, റഷീദ സലിം, എം.എസ്. ജോർജ്, അഡ്വ. മാർട്ടിൻ സണ്ണി, പ്രശാന്ത് ഐക്കര,നിതിൻ കുര്യൻ,പി.എം. അബ്ദുൾ സലാം, ജോയി അറമ്പൻ കുടി,സി.പി.എസ് ബാലൻ, പി.പി. മൈതീൻഷാ,മനോജ് ഗോപി, പോൾ മുണ്ടയ്ക്കൽ, ഷാജി പീച്ചക്കര,സാജൻ അമ്പാട്ട്, ടി പി തമ്പാൻ, ബേബി പൗലോസ് എന്നിവർ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥനായി നഗരസഭ പരിസരത്ത് നിന്ന് ആരംഭിച്ച് മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
റോഡ് ഷോ നടത്തി
കോതമംഗലം: യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റി ഡീൻ കുരിയാക്കോസിന് വോട്ട് അഭ്യർഥിച്ച് റോഡ് ഷോ നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ്. എൻ. ഡാനിയേൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.എം. റഫീഖ്, മേഘ ഷിബു, മുസ്ലിം യൂത്ത് ലീഗ് നിയോജകമണഡലം ജനറൽ സെക്രട്ടറി അൻസാരി കുന്നേക്കുടിയിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് മാത്യൂസ് ഔസേപ്പ് എന്നിവർ നേതൃത്വം കൊടുത്തു. വാഹിദ് പാനിപ്ര, സിബി ചെട്ടിയാംകുടിയിൽ, അജ്നാസ് ബാബു, അനൂസ് വി.ജോൺ, എൽദോസ് പൈലി തുടങ്ങിയവർ സംബന്ധിച്ചു.