വൈപ്പിൻ: യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് വൈകീട്ട് ഏഴരയോടെ വളപ്പ് ഭാഗത്താണ് സംഭവം. കടയിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കമ്പി വടി, കത്തി തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഒളിവിൽപോയ പ്രതികളെ മുനമ്പം ഡി.വൈ.എസ്.പി എൻ.എസ്. സലീഷിന്റെ മേൽനോട്ടത്തിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതികൾ മുമ്പും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരാണ്. ആദർശിനെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ. ദേവരാജ്, എം.ടി. ലാലൻ, എം.എ. ബിജു (പുത്തൻവേലിക്കര) എ.എസ്.ഐമാരായ സി.എ. ഷാഹിർ, ടി.കെ. ഗിരിജാവല്ലഭൻ, സീനിയർ സി.പി.ഒമാരായ എം.പി. സുബി, ടി.ബി. ഷിബിൻ, കെ.ജി. പ്രീജൻ, സി.ടി. സുനിൽകുമാർ, വി.എസ്.സ്വരാഭ് (വടക്കേക്കര) എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.