ആലുവ: ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം.
കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇയാളുടെ കാറും തകർത്തു. നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി. സമീപത്തെ ബാർ പരിസരത്ത് വെച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നറിയുന്നു.
രക്തം വാർന്ന് അവശനായ യൂസഫിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷമീർ, ശിവൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
നഗരത്തിൽ അക്രമിസംഘങ്ങൾ കൂടി വരികയാണെന്നാണ് നഗരവാസികൾ പറയുന്നത്. മാർക്കറ്റ്, സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങിയ പരിസരങ്ങളാണ് ഗുണ്ടകളുടേയും ലഹരി മാഫിയകളുടേയും താവളം. സ്റ്റേഷനിൽ വേണ്ടത്ര പൊലീസുകാരില്ല എന്ന കാരണംപറഞ്ഞ് നൈറ്റ് പെട്രോളിങ് കാര്യമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.