മരട്: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് രാസ ലഹരി വിതരണം നടത്തുന്ന പ്രധാന പ്രതി നൈജീരിയൻ സ്വദേശിയെ പിടികൂടി മരട് പൊലീസ്. നൈജീരിയൻ സ്വദേശി ചിബേര മാക്സ് വെൽ (38) ആണ് ബെഗളൂരുവിലെ വിജയനഗറിൽ നിന്ന് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ മാർച്ച് 3ന് മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ കൂടി പിന്നീട് പിടിയിലായിരുന്നു. സ്ക്വാഡും മരട് പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 101 ഗ്രാം രാസ ലഹരിയുമായി സംഘം പിടിയിലായത്. കഴിഞ്ഞ 6 മാസത്തിൽ 30 തവണ കാറിൽ ബാംഗ്ലൂരിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തിയ സംഘമാണ് അറസ്റ്റിലായത്. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ബംഗളൂരുവിൽ നിന്ന് പിടിയിലായത്. മൊത്ത വിതരണക്കാരനാണ് ഇയാളെന്നും രണ്ട് വർഷമായി കേരളത്തിലേക്ക് രാസ ലഹരി വിതരണം ചെയ്തിരുന്ന പ്രധാനിയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
ഇയാൾ പൊലീസിനെതിരെ കത്തി വീശി അക്രമിക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ചൂണ്ടിയാണ് കീഴ്പ്പെടുത്തിയത്. പാസ്പോർട്ടോ മറ്റ് കാര്യങ്ങളില്ലാതെയാണ് തങ്ങുന്നത്. എട്ട് പേർ അടങ്ങുന്ന പൊലീസ് സംഘമാണ് ബംഗളൂരുവിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്തത്.