പെരുമ്പാവൂർ: ഒരാഴ്‌ച മുമ്പ് വീട്ടിൽ നിന്നു ജോലിക്കുപോയ യുവാവിന്റെ മൃതദേഹം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് കണ്ടെത്തി. തൃക്കാരിയൂർ സുധാകരമംഗലം രാജേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ രമേശ് രാജാണ് (37) മരിച്ചത്. ടൈൽ വിരിക്കൽ തൊഴിലാളിയാണ്.
കഴിഞ്ഞ ആറിനാണ് ജോലിക്കായി വീട്ടിൽ നിന്നും പോയത്. ഇതിന് പിന്നാലെ യുവാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച മൃതദേഹം മേതല തടത്തിൽ വീട്ടിൽ ശശിയുടെ കിണറ്റിൽ കണ്ടെത്തിയത്. കപ്പത്തോട്ടത്തിൽ റോഡരികിലാണ് കിണർ. ആൾ മറയില്ലാത്തതിനാൽ അബദ്ധത്തിൽ വീണതാകാമെന്നാണ് നിഗമനം. രമേശ് രാജിൻ്റെ സഹോദരൻ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംസ്ക്കാരം നടത്തി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.